| Sunday, 16th April 2023, 1:38 pm

യു.പിയില്‍ അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്ക് നേരെ കല്ലേറ്; 11 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്ക് നേരെ കല്ലേറ്. ആഘോഷങ്ങളുടെ ഭാഗമായി ഭാര്‍ട്യ ഗ്രാമത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് നേരെയാണ് ഒരു വിഭാഗം ആളുകള്‍ കല്ലേറ് നടത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം നടന്നത്. കല്ലേറില്‍ പൊലീസുകാരുള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരായ കൗശല്‍ യാദവ്, രാജേന്ദ്ര സിങ്, ദിവേഷ് ചൗധരി എന്നിവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സമാധാനപൂര്‍ണമായി നടന്ന പരിപാടിക്ക് നേരെ വീടുകളുടെ മുകളില്‍ നിന്ന് കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുഖം മറച്ച ആളുകള്‍ പരിപാടിക്ക് നേരെ കല്ലെറിയുന്നതിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് യോഗേഷ് പാണ്ഡെ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മനോജ് വര്‍ഷ്ണി എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മേഖലയില്‍ ക്രമസമാധാനപാലനത്തിനായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കേസില്‍ കണ്ടാലറിയാവുന്ന ഒമ്പത് പേര്‍ക്കും മറ്റ് നാല്‍പതോളം പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് മാര്‍തന്ദ് പ്രകാശ് സിങ് അറിയിച്ചു. സുരഭ് ജാന്‍, ഹുക്കും സിങ്, പ്രതാപ് സിങ് എന്നിവരാണ് അറസ്റ്റിലായത്.

താക്കൂര്‍ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നതായി പൊലീസ് പറയുന്നു. അംബേദ്കര്‍ ജയന്തിക്ക് മുന്നോടിയായി ഗ്രാമത്തില്‍ ഒരു മീറ്റിങ് വിളിച്ചു കൂട്ടിയിരുന്നെന്നും അപ്പോള്‍ ആരും ആഘോഷപരിപാടികള്‍ക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ലെന്നും ഒരു പ്രദേശവാസി പറഞ്ഞു.

ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്, എന്നാല്‍ പിന്നീട് മേല്‍ജാതിയില്‍പ്പെട്ട ചിലയാളുകള്‍ അവരുടെ വീടിനു മുന്നില്‍ക്കൂടി പരിപാടികള്‍ കടന്നു പോകുന്നതിനെ എതിര്‍ത്തെന്നും ശേഷം ജാതി അധിക്ഷേപം നടത്തുകയും കല്ലെറിയുകയുമായിരുന്നെന്നും പ്രദേശവാസി കൂട്ടിച്ചേര്‍ത്തു.

ഹത്രാസ് ജില്ലയിലും സമാനമായ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഹത്രാസില്‍ മൂന്ന് അംബേദ്കര്‍ പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ഞായറാഴ്ച തന്നെ അംബേദ്കറിന്റെ പുതിയ പ്രതിമകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Content Highlights: Stone pelting on Ambedkar Jayanti celebrations in UP; 11 people injured

We use cookies to give you the best possible experience. Learn more