ബെംഗളൂരു: കര്‍ണാടകയിലെ ഹാവേരിയില്‍ മുസ്‌ലിം വീടുകള്‍ക്കും പള്ളിക്കും നേരെ കല്ലെറിഞ്ഞ് ഹിന്ദുത്വവാദികള്‍. സംഭവത്തില്‍ 15 പേര്‍ പിടിയിലായതായി സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാവേരിയില്‍ ഹിന്ദുമതസ്ഥര്‍ ബൈക്ക് റാലി നടത്തിയിരുന്നു. ഇതിനിടയിലാണ് മുസ്‌ലിം പള്ളിക്കും വീടുകള്‍ക്കും നേരെ കല്ലേറുണ്ടായത്.
19-ാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ പോരാടിയ സൈനിക നേതാവ് സംഗോളി രായണ്ണയുടെ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ടായിരുന്നു റാലി.
റാലിയില്‍ നിന്നും വഴിമാറിയ നൂറോളം പേരടങ്ങുന്ന സംഘം പ്രദേശത്തെ മുസ്‌ലിം വീടുകള്‍ക്കും പള്ളിക്കും നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഹാവേരി പൊലീസ് സുപ്രണ്ട് ശിവകുമാറിനെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റാലി നടക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു എന്നും അതിനാല്‍ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് 15 പേരെ നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഒമ്പതിന് സമാന രീതിയില്‍ മുസ്‌ലിം വിഭാഗത്തിലെ ചിലര്‍ ഹിന്ദുക്കള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നുവെന്നും ഇതായിരിക്കാം ഇവര്‍ക്കെതിരെ ആക്രമണമുണ്ടാകാന്‍ കാരണമെന്നുമാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്.
അക്രമിസംഘം സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കൃഷി മന്ത്രി ബൈരതി ബസവരാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിമ അനാച്ഛാദന ചടങ്ങ് നടന്നത്.
Content Highlight: Stone pelted at mosque and muslim houses in Karnataka