| Thursday, 5th May 2022, 11:10 pm

തിരുവനന്തപുരം തീരങ്ങൾക്ക് സംഭവിക്കുന്നത്; ഒരു ഹൃസ്വ സിനിമയിലെ വസ്തുതാന്വേഷണം

രശ്മി മനോജ്

കെ.എ. ഷാജി രചനയും സംവിധാനവും നിര്‍വഹിച്ച ‘കവര്‍ന്നെടുക്കപ്പെടുന്ന തീരങ്ങള്‍’ അഥവാ സ്റ്റോളെന്‍ ഷോര്‍ലൈന്‍സ് എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററി കോര്‍പറേറ്റ് അത്യാര്‍ത്തിയും തെറ്റായ വികസന സങ്കല്‍പങ്ങളും എങ്ങനെ കാലാവസ്ഥാ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു, എന്നതിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്.

പ്രാവുവളര്‍ത്തല്‍ പോലൊരു വേറിട്ട ഹോബി ശീലമാക്കിയ അലീന എന്ന പതിനാലുകാരിയിലൂടെ തിരുവനന്തപുരത്തിന്റെ കടലോരങ്ങളും പ്രദേശവാസികളുടെ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയും നമ്മിലേക്ക് എത്തിക്കുകയാണ് അരമണിക്കൂര്‍ ദീര്‍ഘമുള്ള ഈ ഹൃസ്വ സിനിമ. മറ്റുള്ള കുട്ടികളില്‍ നിന്നും വ്യത്യസ്തയാര്‍ന്ന ഈ കൊച്ചു മിടുക്കിയുടെ ഉത്കടമായ അഭിലാഷവും പ്രാവ് പറത്തല്‍ എന്ന, ഇന്ത്യയില്‍ സ്വാധീനം നേടിയ യൂറോപ്യന്‍ മത്സര ഇനത്തിന്റെ പാരമ്പര്യവും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

അലീനയും അവളുടെ കുടുംബവും, ഇന്നു ഭവനരഹിതരാണ്. 2018ലെ ഓഖി ചുഴലിക്കാറ്റ് കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന്റെയും പരിസരത്തിന്റെയും തീരപ്രദേശങ്ങളിലെ ജനജീവിതം തകര്‍ത്തു. തീരദേശ ഗ്രാമമായ വലിയതുറയിലെ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ ഒരു പുനരധിവാസ ക്യാമ്പില്‍ മറ്റനേകം തീരദേശ വാസികള്‍ക്കൊപ്പം അലീനയും മാതാപിതാക്കളും രണ്ട് ഇളയ സഹോദരന്മാരും താമസിക്കുന്നു.

അതേ സ്‌കൂള്‍ പരിസരത്താണ് പാരിസ്ഥിതിക അഭയാര്‍ത്ഥികളായി അവളുടെ പ്രാവുകളും ജീവിക്കുന്നത്. പ്രത്യേകമായൊരു വീടോ തണലോ ഇല്ലാതെ. സ്വയമേ സംരക്ഷണം സാധ്യമല്ലാതാകുമ്പോള്‍, പ്രതീക്ഷകളും ആഗ്രഹങ്ങളും ചിറകൊടിയുമ്പോള്‍, ആകാശ കാഴ്ചകള്‍ മറക്കുകയല്ലാതെ മറ്റെന്താണ് ഈ കൂട്ടര്‍ക്കുള്ള പോംവഴി.

കാലാവസ്ഥയില്‍ കണ്ടുവരുന്ന വ്യതിയാനവും അതിന്റെ തീവ്രതയ്ക്ക് ആക്കം കൂട്ടുന്ന മനുഷ്യ നിര്‍മിതമായ ഘടകങ്ങളും തീരദേശത്തുള്ളവരെ പെരുവഴിയിലേക്കു തള്ളിവിടുന്നു. തിരുവനന്തപുരത്തെ തീരങ്ങള്‍ കടലെടുത്തു പോകുന്നതിന്റെ പ്രാഥമിക കാരണങ്ങള്‍ വ്യക്തമെങ്കിലും ജനങ്ങളും സര്‍ക്കാരും മൗനം അവലംബിക്കുകയാണ്.

പുനരധിവാസകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ ദുരിതങ്ങളും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും, കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടുന്ന സാഹചര്യങ്ങളുമില്ലാതെ അവതാളത്തിലായ കടലിന്റെ മക്കള്‍; അവരുടെ രോദനം എങ്ങുമെത്താതെ അവരില്‍ തന്നെ തളംകെട്ടി നില്‍ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

കേരളത്തിന് 590 km ദൈര്‍ഘ്യമുള്ള കടല്‍ തീരമാണുള്ളത്. ഇത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീരദേശങ്ങളില്‍ ഒന്നാണ്. തിരുവനന്തപുരത്ത് ഇടവയില്‍ നിന്ന് ആരംഭിച്ച് പൊഴിയൂരില്‍ അവസാനിക്കുന്ന തീരപ്രദേശം 80 കിലോമീറ്ററോളം നീളുന്നു. ഇവിടെ, സുനാമി അല്ലെങ്കില്‍ ചുഴലിക്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍, തീരദേശ സമൂഹങ്ങളുടെ അപകടസാധ്യതയെ വഷളാക്കുന്നത് ആയിടങ്ങളിലെ ജനസാന്ദ്രതയാണ്.

കടല്‍ക്ഷോഭം രൂക്ഷമാകുന്ന പ്രദേശങ്ങളായ കോവളം, വിഴിഞ്ഞം, വേളി, വലിയതുറ, കല്ലുമൂട്, ബീമാപള്ളി, മുട്ടത്തറ തുടങ്ങിയ ഇടങ്ങളില്‍ കടല്‍ഭിത്തി വേണമെന്നത് നാട്ടുകാരുടെ ചിരകാലാവശ്യമാണ്. എന്നാല്‍ ഓരോ കാലവര്‍ഷത്തിലും താല്‍കാലിക പരിഹാരക്രിയകള്‍ നടത്തി കയ്യൊഴിയുന്ന രീതിയാണ് കണ്ടു വരുന്നത്. കാലവര്‍ഷാരംഭത്തില്‍ കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മുഴങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ആര്‍ത്തനാദങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ കര്‍ണ്ണപുടങ്ങളില്‍ പതിക്കുന്നില്ല എന്നതൊരു നഗ്‌നസത്യമാണ്.

സര്‍വതും നഷ്ടപ്പെട്ട് മാറത്തടിച്ചു കരയുന്ന അമ്മമാരുടെ നെടുവീര്‍പ്പ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുന്നുമില്ല. സ്വരുക്കൂട്ടി വെക്കുന്ന പണമുപയോഗിച്ചും കടം വാങ്ങിയും നിര്‍മ്മിച്ച വീടുകള്‍ ഒറ്റ രാത്രികൊണ്ട് കടലെടുക്കുമ്പോള്‍ ആര്‍ത്തുകരയുക അല്ലാതെ മറ്റെന്താണ് ആ പാവങ്ങള്‍ക്കുള്ള മാര്‍ഗം? ശാശ്വത പരിഹാരം തേടാതെ താത്കാലിക ശമനത്തിനായി ചെയ്യുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ പാഴായി പോകുമ്പോള്‍ എന്തെല്ലാമോ ചെയ്‌തെന്ന ധാരണയില്‍ ഉദ്യോഗസ്ഥരും തൃപ്തി കൊള്ളുന്നു.

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന മാസങ്ങളില്‍ പൊതുവേ കടല്‍ക്ഷോഭം കൂടുതലാണ്. അതിന്റെ ഭാഗമായി നിരന്തരമായ തീരശോഷണവും ഉണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. ഇപ്പോള്‍ കൂടുതല്‍ സംഹാരശക്തിയോടെ തിര തീരത്തെ കടല്‍ വിഴുങ്ങുകയാണ്. ഈ നില തുടര്‍ന്നാല്‍ പല തീരങ്ങളിലും കര തന്നെ ഇല്ലാതാവാന്‍ സാധ്യത ഏറുന്നു..

തിരമാലകള്‍ പാറക്കൂട്ടങ്ങളില്‍ തട്ടി ചിന്നിച്ചിതറി പോകുന്നു. തലോടിയകലുന്ന കാറ്റും അലകളുടെ ഈണവും അലിഞ്ഞുചേരുന്ന സുന്ദരമായ ഒരനുഭവം മണല്‍പ്പരപ്പിലൂടെ നടന്നു നീങ്ങുമ്പോള്‍ നാം അറിയുന്നു. അതെ. വിഴിഞ്ഞം ,അതിവിശാലമായ കടല്‍തീരമാണ്. കടലമ്മയുടെ കനിവുതേടി ദിവസവും നൂറുകണക്കിനു ബോട്ടുകള്‍ വിഴിഞ്ഞത്തിന്റെ തീരത്തുനിന്നും ആഴക്കടലിലേക്ക് പായുന്നുണ്ട്. അവരുടെ അദ്ധ്വാനമാണ് വിഴിഞ്ഞത്തെ മത്സ്യബന്ധനത്തിന് പേരുകേട്ടതാക്കി മാറ്റിയിരിക്കുന്നത്.

2015 ഡിസംബര്‍ 5, തിരുവന്തപുരം ജില്ലയിലെ ഈ കടല്‍ത്തീരം പ്രൗഡഗംഭീരമായ ചടങ്ങിന് വേദിയായി. ആയിരക്കണക്കിന് വരുന്ന ജനങ്ങളെ സാക്ഷിനിര്‍ത്തി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1970കളില്‍ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറിനായി ഒരു മൈനര്‍ ബ്രേക്ക്വാട്ടര്‍ നിര്‍മിച്ചതോടെയാണ് തിരുവനന്തപുരം മേഖലയില്‍ തീരദേശ ശോഷണം ആരംഭിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖത്തിന്റെ നിര്‍മ്മാണം തുടങ്ങിയതോടെ കടല്‍ കയ്യേറ്റം ഭയാനകമാംവിധം ത്വരിതപ്പെട്ടു. രാഷ്ട്രീയ നേതൃത്വം, അത് ഏതു തന്നെ ആയാലും, തുറമുഖം തെക്കന്‍ കേരളത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ മത്സ്യബന്ധന തൊഴിലാളികളും വിദഗ്ധരും ഇതിനെ ഒരു വലിയ പാരിസ്ഥിതിക ദുരന്തമായി മുന്‍കൂട്ടി വിലയിരുത്തുന്നു. കടല്‍ക്ഷോഭം രൂക്ഷമായ തീരങ്ങളില്‍ നിരുത്തരവാദപരമായാണ് തുറമുഖം സ്ഥാപിക്കുന്നതെന്നും പറയപ്പെടുന്നു..

സാമ്പത്തിക സഹായത്തിന് പുറമെ, കേരള സര്‍ക്കാര്‍ പദ്ധതിയിലേക്ക് 360 ഏക്കര്‍ ഭൂമി സംഭാവന ചെയ്യുകയും കടലില്‍ നിന്ന് 130 ഏക്കര്‍ വീണ്ടെടുക്കാന്‍ പദ്ധതിയുടെ നിര്‍മാതാക്കളായ അദാനിക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ വരാനിരിക്കുന്ന തുറമുഖവും അതിന്റെ ബ്രേക്ക്വാട്ടറിന്റെ നിര്‍മ്മാണവും വലിയ തോതിലുള്ള തീരദേശ മണ്ണൊലിപ്പ് കൂടുതല്‍ തീവ്രമാക്കുമെന്നും ആത്യന്തികമായി മൂന്ന് ഡസനിലധികം മത്സ്യബന്ധന ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായേക്കാവുന്ന ആഘാതങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തീരപ്രദേശം ഇനിയും സജ്ജമല്ലെന്നുള്ളതും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ കോവളത്ത്, കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന വിശാലമായ പാറകെട്ടുകളും മണല്‍പ്പരപ്പും സമന്വയിക്കുന്നതിനാല്‍ ഈ തീരത്തിന്റെ മനോഹാരിത അതിഥികളെ അത്യധികം ആകര്‍ഷിക്കുന്നുണ്ട്. അദാനിയുടെ അധീനതയിലുള്ള വിഴിഞ്ഞത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഈ ബീച്ചുകള്‍ സര്‍ഫിംഗിനും മറ്റ് ബീച്ച് പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്തുടനീളമുള്ളവയില്‍ വെച്ച് ഏറ്റവും സുരക്ഷിതമായവയുമാകുന്നു. 1930കളിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം, ഇപ്പോള്‍ കുളിക്കുന്നതിനും വിനോദത്തിനുമായി കടലില്‍ ഇറങ്ങുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന നിരവധി ബോര്‍ഡുകള്‍ കൊണ്ടു നിബിഡമാണ് ഇവിടം.

കോവളത്ത് നിന്ന് വിനോദസഞ്ചാരികള്‍ മടങ്ങുന്നത് നിരാശയോടെമാണ്. എങ്ങനെയാണ് കോവളത്തിന് തീരം നഷ്ടമായത്? എന്തുകൊണ്ടാണ് വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന് വടക്കുള്ള മറ്റെല്ലാ ബീച്ചുകളും നാശത്തെ അഭിമുഖീകരിക്കുന്നത്? കൂടുതല്‍ കൂടുതല്‍ മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങള്‍ പുനരധിവാസ ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നത് എന്ത് കൊണ്ടാണ്? തീരദേശ സമൂഹം ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളാണിവ. എന്നാല്‍ പുറത്തുള്ള കോര്‍പറേറ്റ് ലോകം അവരുടെ ശബ്ദം അടക്കിനിര്‍ത്തുകയും ചെയ്യുന്നു.

ദുര്‍ബലരായ തീരദേശ സമൂഹങ്ങളെയും അതിജീവനത്തിനായുള്ള അവരുടെ കഠിനമായ പോരാട്ടങ്ങളെയും അവഗണിച്ചു കൊണ്ടു, വികസനം എന്ന വ്യാജേന സമ്പന്നരും സ്വാധീനമുള്ളവരുമായ അഭിപ്രായ നിര്‍മാതാക്കളെ രംഗത്തിറക്കി, അദാനിയെയും മറ്റ് കയ്യേറ്റക്കാരെയും പ്രശംസിക്കാന്‍ പ്രേരിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ തിരുവനന്തപുരം തീരത്ത് കാണാന്‍ ഇടയാകുന്നത്.


കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനിയായ ശംഖുമുഖം ശോചനീയമായ അവസ്ഥ നേരിടുന്നതും ഡോക്യുമെന്ററിയില്‍ ചൂണ്ടികാണിക്കുന്നു. വിമാനത്താവളത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ നിരന്തരം കടല്‍ക്ഷോഭം നേരിടുന്നു. ബദല്‍ മാര്‍ഗമില്ലാത്തതിനാല്‍, കനത്ത മഴക്കാലത്ത് വിമാന യാത്രക്കാര്‍ ഭാരമേറിയ ലഗേജുകളുമായി ശംഖുമുഖം വഴി വിമാനത്താവളത്തിലേക്ക് നടക്കേണ്ടി വരുന്നു.

വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിനായി, സംസ്ഥാന സര്‍ക്കാര്‍ ശംഖുമുഖത്ത് ഡയഫ്രം ഭിത്തി സംരക്ഷണമുള്ള പുതിയ റോഡിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും, കാലാവസ്ഥയുമായി ബന്ധപ്പെട്ടതും മനുഷ്യനിര്‍മിതവുമായ ഘടകങ്ങളുടെ സംയോജനത്തില്‍ ഇപ്പോഴത്തെ സ്ഥിതി അപകടകരമാണെന്നത് പറയാതെ വയ്യ. പുതിയ പാലത്തിന് ശക്തമായ തിരമാലകളെ അതിജീവിക്കാനുള്ള കരുത്തുണ്ടായിരിക്കാം. എന്നാല്‍ ശംഖുമുഖം സ്വദേശികള്‍ക്ക് ഇതിനകം കടല്‍ത്തീരം നഷ്ടപ്പെട്ടു. ഇവരുടെ ഉപജീവനമാര്‍ഗം പോലും നിലച്ചിരിക്കുകയാണ്.

അടുത്തിടെ വരെ, പ്രശസ്ത ശില്‍പിയായ കാനായി കുഞ്ഞിരാമന്റെ കരവിരുത് ശംഖുമുഖം ബീച്ചിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ നഗരത്തിന് എന്നെന്നേക്കുമായി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന അഭിമാനം നഷ്ടപ്പെട്ടു. തകര്‍ന്ന നിരവധി കെട്ടിടങ്ങളും അവശിഷ്ടങ്ങളും ശംഖുമുഖത്തിന്റെ സമ്പന്നമായ ഭൂതകാലത്തിന് മൂകമായ സാക്ഷ്യം വഹിക്കുന്നു.

വിഴിഞ്ഞം- ശംഖുമുഖം മേഖലയിലെ തീരദേശ ശോഷണം, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വഷളാകുമെന്ന് ബന്ധപ്പെട്ട വിദഗ്ധര്‍ സ്ഥിരീകരിക്കുമ്പോള്‍, ഇത് വിമാനത്താവളത്തിനും, വേളിയിലെയും തൊട്ടടുത്തുള്ള തുമ്പയിലെയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) നിരവധി സ്ഥാപനങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പദ്ധതിയുടെ പാരിസ്ഥിതികമോ ഉപജീവനമോ ആയ ആഘാതങ്ങള്‍ വേണ്ടത്രയോ, കൃത്യമായോ വിലയിരുത്തപ്പെട്ടിട്ടില്ലെന്ന് അവര്‍ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടായേക്കാവുന്ന ആഘാതങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തീരപ്രദേശം വേണ്ടുന്ന മുന്‍കരുതലുകളും സ്വീകരിച്ചിട്ടില്ല എന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ തുമ്പയുടെ വടക്ക് സ്ഥിതി ചെയ്യുന്ന സെന്റ് ആന്‍ഡ്രൂസ് ബീച്ചാണ് ജില്ലയില്‍ ഇപ്പൊള്‍ നിലനില്‍ക്കുന്നതില്‍ സന്ദര്‍ശന യോഗ്യമായിട്ടുള്ളത്. സെന്റ് ആന്‍ഡ്രൂസ് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശംഖുമുഖവും കോവളവും ഉള്‍പ്പെടെയുള്ള തിരുവനന്തപുരത്തെ ബീച്ചുകളെല്ലാം സെന്റ് ആന്‍ഡ്രൂസിനെക്കാള്‍ മനോഹരമായിരുന്നു ഒരുകാലത്ത്.


2011ലെ തീരദേശ നിയന്ത്രണ മേഖല (CRZ) വിജ്ഞാപനം, ഉയര്‍ന്ന മണ്ണൊലിപ്പ് സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ തുറമുഖങ്ങള്‍ നിര്‍മിക്കുന്നത് വിലക്കുന്നുണ്ട്. ഇപ്പോള്‍, അദാനി തുറമുഖത്തിന്റെ 3.1 കിലോമീറ്റര്‍ ബ്രേക്ക്വാട്ടറിന്റെ 800 മീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ അവസ്ഥ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതല്ല.

അദാനി തുറമുഖവും കേരള സര്‍ക്കാരും തീരദേശ ശോഷണത്തിന്റെയും പാരിസ്ഥിതിക നാശത്തിന്റെയും ആരോപണങ്ങളെ ശക്തമായി നിഷേധിക്കുന്നു. കേരള സര്‍ക്കാരുമായി കൂടിയാലോചിച്ച് അദാനി പോര്‍ട്ട്‌സ് പുറത്തിറക്കിയ 2019 ഒക്ടോബര്‍- 2020 മാര്‍ച്ച് മാസത്തിലെ തുറമുഖ പദ്ധതിയുടെ കംപ്ലയന്‍സ് റിപ്പോര്‍ട്ട്, പദ്ധതിയെ എതിര്‍ക്കുന്നവര്‍ പ്രവചിക്കുന്നത് പോലെ പ്രദേശത്ത് തീരത്തകര്‍ച്ചയില്ലെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ അത്തരമൊരു അവകാശവാദത്തിന്റെ പൊള്ളത്തരം നമുക്ക് തുറന്നുകാട്ടിത്തരുന്നു.

തുറമുഖത്തിനായുള്ള ബ്രേക്ക്വാട്ടറിന്റെ നിര്‍മാണം തിരുവനന്തപുരം തീരത്ത് വേലിയേറ്റത്തിനും മണ്ണൊലിപ്പിനും ഇടയാക്കിയെന്ന് അന്നത്തെ കേരള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ സമ്മതിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടില്ല. ഇതാണ് വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്. തീരദേശവാസികള്‍ ഈ ഭീഷണി സ്ഥിരീകരിക്കുന്നുമുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ മൊത്തം പദ്ധതിച്ചെലവിലെ 7,525 കോടിയില്‍, അദാനിയുടെ നിക്ഷേപം 2,454 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ 1,635 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി വകയിരുത്തുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 3,436 കോടി രൂപയാണ്. കരാര്‍ പ്രകാരം, 40 വര്‍ഷത്തേക്കാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. 20 വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്. അതേസമയം സംസ്ഥാന സര്‍ക്കാരിന് തുറമുഖത്ത് നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം 15 വര്‍ഷത്തിനുശേഷം മാത്രമേ ലഭിക്കുകയുമുള്ളൂ.

2015ല്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ പദ്ധതി ആരംഭിച്ചപ്പോള്‍, പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതി നടന്നതായി സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍, 2016ല്‍ അധികാരത്തിലെത്തിയ ശേഷം പാര്‍ട്ടി നിലപാട് മാറ്റി. അതേസമയം, 2017ലെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് പദ്ധതിയില്‍ നിരവധി അപാകതകള്‍ കണ്ടെത്തി.

40 വര്‍ഷത്തെ കാലയളവ് അവസാനിക്കുമ്പോള്‍, പദ്ധതി 5,608 കോടി രൂപയുടെ ഗണ്യമായ നഷ്ടമുണ്ടാക്കുമെന്നും നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സമാന തുറമുഖങ്ങളെ അപേക്ഷിച്ച് മൊത്തം പദ്ധതിച്ചെലവ് വളരെ യുക്തിരഹിതമാണെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ 80% ട്രാന്‍സ്ഷിപ്പ്‌മെന്റ് ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആഴമേറിയ തുറമുഖമായി വിഴിഞ്ഞം മാറുമെന്നുള്ളതും പദ്ധതിയുടെ വാഗ്ദാനമാണ്.

തുറമുഖം നിര്‍മിക്കുന്നതിനായി പദ്ധതി ഇതിനകം 6 ലക്ഷം ടണ്‍ കരിങ്കല്ല് കടലില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ശേഖരിച്ചിരുന്നത് പശ്ചിമഘട്ടത്തിലെ സെന്‍സിറ്റീവ് ഭാഗങ്ങളില്‍ നിന്നാണ്. ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു കോടി ടണ്‍ ഗ്രാനൈറ്റ് വേണ്ടിവരും. ഇത് ഗണ്യമായ പൊതുഫണ്ടിന്റെ പാഴ് വിനിയോഗമല്ലെ?

ഇനി, വിഴിഞ്ഞത്തെ അദാനി തുറമുഖത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ എങ്ങനെ നശിപ്പിക്കാനാകുമെന്നുമുള്ള ചോദ്യങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ സംശയം അസംബന്ധമായി പോലും തോന്നാന്‍ ഇടയുണ്ട്. എന്നാല്‍ മുതലപ്പൊഴിയിലും കടല്‍ക്ഷോഭവും ഉയര്‍ന്ന തിരമാലയും രൂക്ഷമാണ്. ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് 60ലധികം മത്സ്യബന്ധന തൊഴിലാളികള്‍ മരിച്ചു.

വിഴിഞ്ഞത്ത് ബ്രേക്ക്വാട്ടര്‍ നിര്‍മിക്കുന്നതിന് പാറകള്‍ കയറ്റുന്നതിനായി മുതലപ്പൊഴിയില്‍ വാര്‍ഫ് വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ സമ്മതിച്ചതിനാല്‍ പാറകള്‍ കടത്താന്‍ അദാനി അവിടെ ഒരു തുറമുഖ ചാനല്‍ സൗകര്യമൊരുക്കി. ബ്രേക്ക് വാട്ടറിന്റെ രൂപരേഖയിലെ അപാകതയും ഹാര്‍ബര്‍ ചാനല്‍ ബെഡിലെ പാറകള്‍ നീക്കം ചെയ്യുന്നതില്‍ അദാനി പരാജയപ്പെട്ടതുമാണ് മുതലപ്പൊഴിയിലെ തുറമുഖമുഖത്ത് ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ അവിടെ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരാവട്ടെ, വാക്കുപാലിക്കുന്നതിലുള്ള തത്രപ്പാടിലും.

തിരക്കേറിയ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് 250 മീറ്റര്‍ തെക്ക് മാറിയാണ് അദാനി തുറമുഖം വരുന്നത്. ഈ മേഖലയിലെ മത്സ്യബന്ധന വ്യവസായത്തെയും സമുദ്ര ജൈവവൈവിധ്യത്തെയും ഇതിനോടകം തന്നെ പദ്ധതി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ ബ്രേക്ക്വാട്ടറിന്റെയും കടവുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും സ്ഥിതി കൂടുതല്‍ മോശമാകും.

200ലധികം ഇനം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റും ആയ തിരുവനന്തപുരം തീരത്തുള്ള വാഡ്ജ് ബാങ്കിന്റെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യത്തിന് ഈ നിര്‍മാണം കനത്ത ഭീഷണിയാണെന്ന് പഠനങ്ങള്‍ ഉറപ്പിച്ച് പറയുന്നു. 60ലധികം ഇനം അലങ്കാര മത്സ്യങ്ങളുടെയും മറ്റ് സമുദ്ര ജന്തുക്കളുടെയും ആവാസ കേന്ദ്രമാണ് വാഡ്ജ് ബാങ്ക്. കണവ, ട്യൂണ, ലോബ്സ്റ്റര്‍ തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള ഇനങ്ങള്‍ ഇവിടെ സമൃദ്ധമാണ്. സംരക്ഷിത സമുദ്രമേഖലയായി ബാങ്കിന് പദവി ലഭിച്ചിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

വിഴിഞ്ഞത്തെ അദാനി പദ്ധതി, 50,000ലധികം മത്സ്യബന്ധന തൊഴിലാളികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും മത്സ്യബന്ധനം കുറയുകയും കടല്‍ത്തീരങ്ങള്‍ ശോഷിക്കുകയും മത്സ്യബന്ധന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുകയും ഷിപ്പിംഗ് യാനങ്ങളുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. നികത്തലും ഡ്രഡ്ജിംഗും കൊണ്ടുള്ള ജലത്തിന്റെ പ്രക്ഷുബ്ധത, മത്സ്യങ്ങളുടെ മുട്ടയിടുന്ന പ്രക്രിയയെയും ആവാസ കേന്ദ്രങ്ങളെയും നശിപ്പിക്കുന്നതിനാല്‍ അവയുടെ എണ്ണത്തിലും ഗണ്യമായ കുറവു കാണപ്പെടുന്നു.

ഡ്രെഡ്ജിംഗ് ജോലികള്‍ നിരവധി ജലജീവികള്‍ക്ക്, പ്രത്യേകിച്ച് ചിപ്പികള്‍ക്കും ലോബ്സ്റ്ററുകള്‍ക്കും ആവാസവ്യവസ്ഥ നഷ്ടപ്പെടാന്‍ ഇടയാക്കിയതായി മത്സ്യബന്ധന തൊഴിലാളികള്‍ അവകാശപ്പെടുന്നു. വിഴിഞ്ഞത്തിന് സമീപം സ്ഥിതി ചെയ്യുന്ന 33 പാറകളില്‍ 15 എണ്ണം തകര്‍ന്നിട്ടുണ്ട്, അവയില്‍ 17 എണ്ണം ഡ്രഡ്ജിംഗില്‍ നിന്ന് മണല്‍ അടിഞ്ഞതിനാല്‍ വന്‍തോതില്‍ കേടുപാടുകള്‍ക്ക് വിധേയമായിട്ടുണ്ട്.

പശ്ചിമഘട്ടത്തിലെ ആദിവാസികളെയും മറ്റ് പരമ്പരാഗത നിവാസികളെയും പോലെ, തിരുവനന്തപുരത്തെ തീരദേശ സമൂഹങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വിവേകശൂന്യമായ കോര്‍പറേറ്റ് അത്യാഗ്രഹത്തിന്റെയും ഇരകളായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ തെറ്റായ വികസന സങ്കല്‍പങ്ങള്‍ അവരെ തളര്‍ച്ചയിലേക്ക് തള്ളിവിടുകയാണ്. വിഴിഞ്ഞം മുതല്‍ മുതലപ്പൊഴി വരെ, ഇത് ഒരു തുടര്‍കഥയാണ്.

2021 സെപ്തംബറില്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെതുടര്‍ന്ന്, 89 വര്‍ഷം പഴക്കമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി അദാനി എന്റര്‍പ്രൈസസ് 50 വര്‍ഷത്തെ പാട്ടത്തിനെടുത്തു. കേരള സര്‍ക്കാര്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു എന്നത് നിഷേധിക്കുന്നില്ല. തീരദേശ ശോഷണം ശമനമില്ലാതെ തുടര്‍ന്നാല്‍, കടല്‍ കര കയ്യടക്കുന്ന കാലം വിദൂരമല്ല എന്ന് തീരദേശവാസികള്‍ ഓര്‍മപ്പെടുത്തുന്നു. അദാനിക്ക് ഇവിടെ തുറമുഖവും വിമാനത്താവളവും സംയോജിപ്പിക്കാന്‍ കഴിയുമായിരിക്കും.. അതിന്റെ ഖ്യാതിയും നേടിയെടുക്കാം.

അദാനി പദ്ധതിയെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് വെല്ലുവിളിയാകുന്നത്, അത് ഉയര്‍ന്ന സാമൂഹിക ചലനാത്മകതയ്ക്കായി നമ്മുടെ നാട്ടില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നതിനാലാണ്. കൂടാതെ, ശക്തമായ വികസന നേട്ടങ്ങളുടെ ഭാഷയയില്‍ പദ്ധതി ആവിഷ്‌കരിച്ചതിനാല്‍ അതിനെ എതിര്‍ക്കുന്നത് പലപ്പോഴും ദേശവിരുദ്ധമെന്ന് മുദ്രകുത്തപ്പെടാനും സാധ്യത കാണുന്നു.

കടല്‍ക്ഷോഭം ഒരു സ്വാഭാവിക പ്രതിഭാസമായി പലരും ന്യായീകരിക്കുന്നു. കടല്‍ കൊണ്ടുപോകുന്ന മണലും മണ്ണും ഒരു പ്രത്യേക സമയത്തിന് ശേഷം അതേ സ്ഥലത്ത് നിക്ഷേപിക്കുന്നു എന്ന തത്വത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ തീര്‍ച്ചയായും വിഴിഞ്ഞം പദ്ധതിയുടെ തെക്ക് ഭാഗത്തുള്ള പുല്ലുവിള സന്ദര്‍ശിക്കേണ്ടതായുണ്ട്. അദാനി പദ്ധതിയുടെ വടക്ക് ഭാഗത്തു, തീരങ്ങള്‍ക്ക് നഷ്ടപ്പെട്ട മണലും മണ്ണും തിരികെ ലഭിക്കുന്നില്ല. പകരം പദ്ധതിയുടെ തെക്ക് ഭാഗത്താണ് അവ നിക്ഷേപമാകുന്നത്. ഈ പ്രതിഭാസം തന്നെ സാഹചര്യത്തിന്റെ ഗൗരവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കടല്‍ഭിത്തികളും ബ്രേക്ക്വാട്ടറുകളും തീരപ്രദേശത്തെ അവശിഷ്ടങ്ങളുടെ ശേഖരണത്തെ തടസ്സപ്പെടുത്തുകയും അതുവഴി മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ പണ്ടേ ചൂണ്ടിക്കാണിക്കുന്നു.

കോവളം, വിഴിഞ്ഞം, വേളി, വലിയതുറ, കല്ലുമൂട്, ബീമാപള്ളി, മുട്ടത്തറ തുടങ്ങി സമീപത്തെ മത്സ്യബന്ധന ഗ്രാമങ്ങളിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭവനങ്ങള്‍ കടല്‍ കവര്‍ന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അവരിന്നും കഴിയുന്നത്. എല്ലായിടത്തും സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്നിട്ടും, ഈ പ്രദേശങ്ങളിലെ പ്രാദേശിക സ്‌കൂളുകളും കമ്മ്യൂണിറ്റി സെന്ററുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നു. ക്ലാസ്സ് മുറികള്‍ കിടപ്പുമുറികളാക്കി മാറ്റാന്‍ ആളുകള്‍ നിര്‍ബന്ധിതരായി.

വസ്ത്രം മാറാന്‍ പോലും സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു സ്ത്രീകള്‍. സ്വകാര്യതയില്ലാതെ, രണ്ടോ അതിലധികമോ കുടുംബങ്ങളുമായി ഒരു സ്‌കൂള്‍ മുറി പങ്കിടേണ്ടിയും വരുന്നു. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ നിന്ന് നേരിട്ട് കടലിലേക്കുള്ള പ്രവേശനം തടസപ്പെട്ടിരിക്കുന്നു. തങ്ങളുടെ ചുറ്റുമുള്ള കടല്‍ത്തീരങ്ങളില്‍ മത്സ്യബന്ധന വല ഉണക്കാനുള്ള പരമ്പരാഗത അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. സഞ്ചാരികളെ അനുഗമിച്ച് നിത്യച്ചെലവ് നിവര്‍ത്തിച്ചിരുന്ന ഗൈഡുകള്‍, വിനോദസഞ്ചാരികളെ സേവിച്ച് ഉപജീവനം നടത്തിയിരുന്ന ചെറുകിട വ്യാപാരികള്‍.

തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വര്‍ഷങ്ങളായി തീരദേശ ശോഷണത്തിന്റെ ആഘാതത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. വീടുകള്‍ തകര്‍ന്നതോടെ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിക്കാന്‍ പലരും നിര്‍ബന്ധിതരാവുകയും ദുരിതംപേറി ജീവിതം ജീവിക്കുകയും ചെയ്യുന്നു. പലര്‍ക്കും ഭൂമി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് പുനരധിവാസം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു.

സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ഒരോരോ നൂലാമാലകള്‍ കൊണ്ടു പലര്‍ക്കും ലഭ്യമായിട്ടുമില്ല. ഇതിലെല്ലാം ഉപരി, തലമുറകളായുള്ള അവരുടെ ഉപജീവനമാര്‍ഗമായ കടലില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നതിനെ അനീതി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. മുങ്ങിപ്പോകുന്ന പ്രതീക്ഷകളുടെ പ്രതീകമാണ് അലീന. അവകാശങ്ങള്‍ നിഷേധിച്ചു സര്‍വതും കവര്‍ന്നെടുക്കപ്പെട്ട കടല്‍ത്തീരങ്ങളുടെ വേദനിപ്പിക്കുന്ന കഥയാണ് ‘Stolen shorelines’ നമ്മോട് പങ്കുവെക്കുന്നത്.

നിരാശയുടെയും വഞ്ചനയുടെയും കഥ. അതേ… വിഴിഞ്ഞം മുതല്‍ മുതലപ്പൊഴി വരെ, ഇത് ഒരു തുടര്‍ക്കഥയാകുന്നു..

വികസനത്തിന്റെ രക്തസാക്ഷികളാകുന്ന മനുഷ്യരുടെ അതിജീവന സമരങ്ങളാണ് ഈ ഹൃസ്വ സിനിമ വിവരിക്കുന്നത്. അങ്ങേയറ്റം വസ്തുനിഷ്ഠമായും സമഗ്രമായും സത്യസന്ധ്യമായുമാണ് ഇത് ഈ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. എതിരാളികള്‍ക്ക് പോലും അവഗണിക്കാനാകാത്ത വസ്തുതകളും ജീവിത പ്രതിഫലങ്ങളും. മുപ്പതു മിനിട്ടാണ് ഈ ഹൃസ്വ സിനിമ.

സെയ്ദ് ഷിയാസ് മിര്‍സ, സൂരജ് അമ്പലത്തറ എന്നിവര്‍ ക്യാമറ ചെയ്തു. വിപിജി കമ്മത്ത് ആണ് എഡിറ്റര്‍. കല്യാണി വലത്ത് ശബ്ദം നല്‍കി. കണ്ണന്‍ മാമ്മൂട്, ഷഫീഖ് സുബൈദ ഹക്കീം, ഭാവപ്രിയ ജെ.യു, റോഷ്നി രാജന്‍, ശാലിനി രഘുനന്ദന്‍, കലാ സജികുമാര്‍ എന്നിവര്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചു. കേരളത്തിനകത്തും പുറത്തും തെരഞ്ഞെടുക്കപ്പെട്ട സദസ്സുകള്‍ക്കു മുന്‍പില്‍ ഇത് പ്രദര്‍ശിപ്പിക്കപ്പെടും.

Content Highlight: Stolen shorelines short film about the coastal areas in Thiruvananthapuram

രശ്മി മനോജ്

We use cookies to give you the best possible experience. Learn more