ചെങ്ങന്നൂര്‍: നിര്‍മ്മാണശാലയില്‍ നിന്നും കാണാതായ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി. സ്ഥാപനത്തിന് അടുത്തുള്ള കുഴിയില്‍ നിന്നാണ് 2 കോടി രൂപയിലധികം വിലവരുന്ന വിഗ്രഹം കണ്ടെടുത്തത്.
തൊഴിലാളികളെ ആക്രമിച്ച് മുന്‍ ജീവനക്കാരന്‍ വിഗ്രഹം കവര്‍ന്നെടുത്തു എന്നായിരുന്നു നിര്‍മ്മാണശാല ഉടമകള്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ സ്ഥാപനത്തിന് അടുത്തുനിന്ന് തന്നെ വിഗ്രഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
തുടക്കം മുതല്‍ തന്നെ ഉടമകള്‍ നല്‍കിയ മൊഴിയും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ തെളിവുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയും പൊലീസ് ഉടമകളുടെ മൊഴിയെടുത്തിരുന്നു.
വൈകീട്ടോടെ ഉടമകള്‍ തന്നെ വിഗ്രഹം കണ്ടെത്തിയതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഉടമകളുടെ മൊഴി രേഖപ്പെടുത്തി.
ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നിര്‍മ്മിച്ച 60കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം കവര്‍ച്ച പോയ വിവരം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ചെങ്ങന്നൂര്‍ തട്ടാവിളിയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് കവര്‍ച്ച നടന്നത്.
ഞായറാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം വിഗ്രഹ നിര്‍മ്മാണശാലയിലെ തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം വിഗ്രഹം കൊണ്ടുപോയെ്ന്നായിരുന്നു ഉടമകള്‍ അറിയിച്ചത്.
താല്‍ക്കാലിക ജീവനക്കാരനും സംഘവുമായി ഉടമകള്‍ക്ക് തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ കയ്യാങ്കളിയും നടന്നിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരെ മോഷണക്കേസില്‍ കുടുക്കാനായി ഉടമകള്‍ തന്നെ വിഗ്രഹ കവര്‍ച്ച കെട്ടിച്ചമക്കുകയായിരുന്നോ എന്നാണ് നിലവില്‍ പൊലീസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. പരാതിയുമായി വന്ന ഉടമകളെ പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തുവരികയാണ് പൊലീസ്.
അതേസമയം ഉടമകള്‍ മുന്‍പ് നല്‍കിയ പരാതിക്കനുസരിച്ച് താല്‍ക്കാലിക ജീവനക്കാര്‍ക്കായുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക