മുംബൈ: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതും കടുത്ത നഷ്ടത്തില്‍. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും ഏറ്റവും വലിയ ഒറ്റദിന നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബി.എസ്.ഇയില്‍ 1400 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.
സെന്‍സെക്‌സ് 30,000ന് താഴേക്ക് ഇടിഞ്ഞു. നിഫ്റ്റി 966 പോയിന്റ് താഴ്ന്ന് 8624ല്‍ എത്തി. സെന്‍സെക്‌സ് 3090 പോയിന്റ് നഷ്ടത്തില്‍ 29687ലും എത്തി. നഷ്ടത്തെത്തുടര്‍ന്ന് വ്യാപാരം 45 മിനുട്ട് നിര്‍ത്തിവെച്ചു.
രൂപയുടെ മൂല്യവും റെക്കോര്‍ഡ് ഇടിവിലാണ്. 74.50 ഇടിവിലാണ് രൂപ. ഡോളറുമായി 0.4 ശതമാനം ഇടിഞ്ഞു.
വ്യാഴാഴ്ചതന്നെ സെന്‍സെക്‌സിലെ എല്ലാ സ്റ്റോക്കുകളും കനത്ത ഇടിവിലേക്ക് നീങ്ങിയിരുന്നു. എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെയും ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് തുടങ്ങിയവയാണ് നഷ്ടം നേരിടുന്ന കമ്പനികള്‍. 16 ശതമാനത്തിലധികമാണ് ഇവയുടെ ഓഹരി ഇടിഞ്ഞത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്.