ന്യൂദല്‍ഹി: ഉത്തേജക മരുന്നു പരിശോധനയില്‍ കുടുക്കിയതാണെന്ന വാദം തെളിയിക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ അച്ചടക്ക സമിതിക്ക് മുന്നില്‍ ശക്തമായ തെളിവുകളൊന്നും ഹാജരാക്കാനായില്ലെങ്കിലും റിയോ ഒളിമ്പികസ് പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്ന് ഗുസ്തി താരം നര്‍സിങ് യാദവ്.
കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നാഡ തനിക്കലുകൂലമായ വിധി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ഉള്ളതെന്നും നര്‍സിങ് പറഞ്ഞു. നാഡയുടെ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു നര്‍സിങ്.
സമിതിക്ക് മുന്നാകെ ഞാന്‍ എന്റെ വാദങ്ങള്‍ അവതരിപ്പിച്ചു. സത്യസന്ധണായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഇനി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ നാഡ ഉചിതമായ തീരുമാനമെടുക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. നര്‍സിങ് പറഞ്ഞു.
നര്‍സിങ്ങിന്റെ ഉത്തേജക മരുന്നു വിവാദത്തില്‍ അന്തിമ തീരുമാനം നാഡ പുറപ്പെടുവിച്ചിട്ടില്ല. ഇത് ശനിയാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാവും. രണ്ട് ദിവസങ്ങളായി ഏഴ് മണിക്കൂറോളം വാദം കേട്ടാണി വിധി പുറപ്പെടുവിക്കുന്നത് നാഡ മാറ്റിവച്ചിരിക്കുന്നത്. നാഡ കുറ്റവിമുക്തനാക്കുകയാണെങ്കില്‍ നര്‍സിങ്ങിന് റിയോയിലേക്ക് തിരിക്കുന്നതില്‍ തടസ്സങ്ങളില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് കമ്മറ്റി അറിയിച്ചിരുന്നു.
അതേസമയം അച്ചടക്ക സമിതിക്കു മുമ്പില്‍ തനിക്കെതിരെ ഗൂഋഢാലോചന നടന്നുവെന്നു വാദത്തിനു ബലമേകുന്ന തെളിവുകള്‍ ഹാജരാക്കാന്‍ നര്‍സിങ്ങിന് സാധിച്ചിട്ടില്ല. ഭക്ഷണത്തിലും വെള്ളത്തിലും നിരോധിത മരുന്നു കലര്‍ത്തിയെന്നാണ് താരത്തിന്റെ ആരോപണം.