തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു. തന്റെ മകനു നീതി കിട്ടുമെന്നു തന്നെയാണ് വിശ്വാസമെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മഹിജ. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബം ഇന്നു നാട്ടിലേക്ക് മടങ്ങും.
ശ്രീജിത്ത് പെങ്ങളുടെ സ്വാധീന വലയത്തില്‍ മാത്രമേ വീണിട്ടുള്ളൂ എന്നും മഹിജ പറഞ്ഞു. ശ്രീജിത്തിനെതിരായ ആരോപണങ്ങളോടുള്ള പ്രതികരണമായിരുന്നു മഹിജയുടെ പ്രസ്താവന. അതേസമയം തന്റെയും ശ്രീജിത്തിന്റെയും വാക്കുകളെ മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് സംസാരിക്കവെ മഹിജ പറഞ്ഞു.
നേരത്തേ, മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം 15 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ നിരാഹാര സമരം നടത്തിയിരുന്ന ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തു തീര്‍പ്പു കരാറിന്റെ പകര്‍പ്പ് മഹിജയ്ക്ക് കൈമാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിയെ കാണുന്നതിന് മഹിജ പലതവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി കോഴിക്കോടെത്തിയിരുന്നെങ്കിലും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാനോ ബന്ധുക്കളുടെ പരാതികള്‍ കേള്‍ക്കാനോ തയ്യാറാകാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പോലീസ് അന്വേഷണത്തിലെ അതൃപ്തി അറിയിക്കുന്നതിനും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെടുന്നതിനും പോലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
പോലീസ് നടപടിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഹിജയും അമ്മാവന്‍ ശ്രീജിത്തും ആശുപത്രിയിലും ജിഷ്ണുവിന്റെ പെങ്ങള്‍ അവിഷ്ണ വീട്ടിലും നിരാഹാരം നടത്തുകയും, ഒടുവില്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.