| Saturday, 14th December 2024, 2:50 pm

ഇപ്പോഴും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതി, ഭരണഘടനയല്ല: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ഭരണഘടന ചര്‍ച്ചയില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞ വ്യക്തിയാണ് സവര്‍ക്കറെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഭരണഘടനയില്‍ ഉടനീളം ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തി ‘ഇത് നിര്‍ഭയത്തിന്റെ അടയാളം’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം തുടങ്ങിയത്.

സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മനുസ്മൃതിയാണ് ഇന്ത്യയുടെ ഔദ്യോഗിക രേഖയെന്നാണ് സവര്‍ക്കർ വാദിച്ചിരുന്നതെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

ഇപ്പോഴും ബി.ജെ.പിയുടെ നിയമസംഹിത എന്നത് മനുസ്മൃതിയാണെന്നും രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മഹാത്മാഗാന്ധി, പെരിയാര്‍ ഉള്‍പ്പെടെയുള്ള മഹത്വ്യക്തികളെ നിങ്ങള്‍ പ്രശംസിക്കുന്നു, ആദരിക്കുന്നു. എന്നാല്‍ മടിച്ചുമടിച്ചാണ് നിങ്ങള്‍ അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവാക്കളുടെ ഇപ്പോഴത്തെ സ്ഥിതി ഏകലവ്യന്‍ വിരല്‍ മുറിച്ച് നല്‍കിയതിന് സമാനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലാറ്ററല്‍ എന്‍ട്രിയിലൂടെ യുവാക്കള്‍, പട്ടികജാതിക്കാര്‍, ഒ.ബി.സികള്‍ എന്നിവരുടെ തള്ളവിരല്‍ നിങ്ങള്‍ മുറിക്കുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്.

ഭരണഘടനയ്ക്കൊപ്പം നീതി നിഷേധവും ചര്‍ച്ച ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഇപ്പോഴും ഭയത്തിന്റെ നിഴലിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്നത് മനുസ്മൃതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

കുറ്റവാളികള്‍ രാജ്യത്ത് സ്വാതന്ത്ര്യമായി നടക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കായി ഭരണകൂടം ശബ്ദമുയര്‍ത്തുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ ന്യായവില ആവശ്യപ്പെടുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ അദാനിക്കും അംബാനിക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അദാനിക്ക് ധാരാവി നല്‍കുമ്പോള്‍ നിങ്ങള്‍ ധാരാവിയിലെ ചെറുകിട വ്യവസായികളുടെ പെരുവിരലാണ് മുറിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുലിന്റെ വിമര്‍ശനങ്ങളില്‍ പ്രകോപിതരായ ഭരണകക്ഷി അംഗങ്ങള്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. രാഹുലിനെതിരെ ഭരണകക്ഷികള്‍ ആക്രോശിക്കുകയും ശബ്ദമുയര്‍ത്തുകയുമായിരുന്നു.

എന്നാല്‍ പ്രസംഗം തടസപ്പെടുത്തുന്ന നീക്കത്തെ ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ കെ.സി. വേണുഗോപാല്‍ സഭയില്‍ സംസാരിച്ചു. തുടര്‍ന്ന് എം.പിയെ സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിക്കുകയും ചെയ്തു.

Content Highlight: Still BJP’s legal code is Manusmriti, not the Constitution: Rahul Gandhi

We use cookies to give you the best possible experience. Learn more