സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഇത്തിഫാക്കിന്റെ പരിശീലകനായി ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവ് സ്റ്റീവന്‍ ജെറാര്‍ഡ് സ്ഥാനമേറ്റിരുന്നു. ഇപ്പോഴിതാ സൗദി ക്ലബ്ബിന്റെ പരിശീലകനായി എത്തിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജെറാര്‍ഡ്.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലേക്കുള്ള നീക്കമാണ് തന്നെ സൗദിയിലേക്ക് വരാന്‍ പ്രേരിപ്പിച്ചത് എന്നാണ് ജെറാര്‍ഡ് പറഞ്ഞത്.
‘റൊണാള്‍ഡോ എന്ന് നമ്മള്‍ വിളിക്കുന്ന ‘ദി ഗോട്ട്’ അദ്ദേഹത്തിന്റെ സൗദിയിലേക്കുള്ള വരവ് വളരെ പ്രധാനമായിരുന്നു. ജനുവരിയില്‍ റൊണാള്‍ഡോ സൗദിയില്‍ എത്തിയത് ഒരു വലിയ സൈനിങ് ആയിരുന്നു. അദ്ദേഹത്തിന് ഇവിടെ വലിയ അവസരങ്ങളുണ്ട്. ഞാന്‍ ആറ് മാസത്തോളം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളികള്‍ കാണുകയും ചില മത്സരങ്ങളുടെ ഹൈലൈറ്റുകള്‍ കാണുകയും ചെയ്തിരുന്നു. ഈ ലീഗ് ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും വളരെ ജനപ്രിയമായ ഒരു സംസാരവിഷയമായി മാറിയെന്ന് ഞാന്‍ മനസ്സിലാക്കി. ക്രിസ്റ്റ്യാനോയുടെ വരവിനുശേഷം യൂറോപ്പില്‍ ഒരുമിടി മികച്ച താരങ്ങള്‍ സൗദി ലീഗിലേക്ക് വന്നു,’ ജെറാര്‍ഡ് ലിവര്‍പൂള്‍ എക്കോ വഴി പറഞ്ഞു.
ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയില്‍ തന്റെ കരാര്‍ അവസാനിപ്പിച്ചതിനുശേഷം ആണ് ജെറാര്‍ഡ് സൗദി ക്ലബ്ബില്‍ എത്തുന്നത്. നിലവില്‍ സൗദി പ്രോ ലീഗില്‍ 13 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും അടക്കം 22 പോയിന്റുമായി ഏഴാം സ്ഥാനത്താണ് അല്‍ ഇത്തിഫാക്ക്
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും 2022ലാണ് റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറില്‍ എത്തുന്നത്. റൊണാള്‍ഡോയുടെ വരവിന് പിന്നാലെ യൂറോപ്പിലെ ഒരുപിടി പ്രമുഖ താരങ്ങളും സൗദിയിലേക്ക് ചേക്കേറിയിരുന്നു.
നെയ്മര്‍, കരിം ബെന്‍സിമ, സാഡിയോ മാനെ എന്നീ മികച്ച താരങ്ങള്‍ സൗദിയിലേക്ക് പോയിരുന്നു. റൊണാള്‍ഡോയുടെ വരവോടെ സൗദി ലീഗിന് മികച്ച ശ്രദ്ധ നേടിയെടുക്കാനും ഒരു പ്രത്യേക മേല്‍വിലാസം സൃഷ്ടിക്കാനും സാധിച്ചിരുന്നു.
Content Highlight: Steven Gerrard talks about the reason of he came in Saudi pro league.