ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് സൗത്ത് ആഫ്രിക്കക്ക് അടുത്തത്. പരമ്പരക്കുള്ള പുതിയ സ്‌ക്വാഡ് സൗത്ത് ആഫ്രിക്ക ഡിസംബര്‍ 31ന് പുറത്ത് വിട്ടിരുന്നു. ന്യൂസിലാന്‍ഡിനെതിരെ 14 അംഗങ്ങള്‍ ഉള്ള ടെസ്റ്റ് സ്‌ക്വാഡ് ആണ് സൗത്ത് ആഫ്രിക്ക പുറത്ത് വിട്ടത്. അതില്‍ 6 താരങ്ങള്‍ ഇതുവരെ ടെസ്റ്റില്‍ കളിച്ചിട്ടില്ല. 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഡുവാനെ ഒലിവിയറാണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരം.
ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്ന് കളിക്കാരാണ് സൗത്ത് ആഫ്രിക്കയ്ക്ക് സ്‌ക്വാഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത്. കീഗന്‍ പീറ്റേഴ്സ്, ഡേവിഡ് ബെഡിങ്ഹാം, സുബൈര്‍ ഹംസ. പരമ്പര ഫെബ്രുവരി നാലിനാണ് നടക്കാനിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ രംഗത്ത് വന്നിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ സ്‌ക്വാഡ് ടെസ്റ്റ് ക്രിക്കറ്റിന്റെ അന്ത്യത്തിന്റെ നിര്‍ണായക നിമിഷമാണെന്നാണ് വിശേഷിപ്പിച്ചത്.
‘ ഇതാകും ടെസ്റ്റ് ക്രിക്കറ്റിന്റെ അന്ത്യത്തിന്റെ നിര്‍ണായക നിമിഷം? ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ക്രിക്കറ്റ് ബോഡുകളുമായി ഐ.സി.സി ക്രിക്കറ്റിന്റെ ശുദ്ധമായ ഫോര്‍മാറ്റ് സംരക്ഷിക്കേണ്ടത് അനിവാര്യമാണ്,’ സ്റ്റീവ് വോ പറഞ്ഞു.
ശക്തി കുറഞ്ഞ രണ്ടാം തരം ടീമിനെ നെതര്‍ലാന്‍ഡ്‌സിനെതിരെ വിടുമ്പോള്‍ ആതിഥേയരെ വിലകുറച്ച് കാണുകയാണ് സൗത്ത് ആഫ്രിക്ക എന്നും വോ ചൂണ്ടിക്കാട്ടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക പ്രാധാന്യമുള്ള പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരെ പ്രോട്ടീസിന് കളിക്കാനുള്ളത്.
എന്നാല്‍ ജനുവരി 10 മുതല്‍ ആരംഭിക്കുന്ന എസ്.എ20 യില്‍ കളിക്കുന്നതിന്റെ തിരക്കിലായിരിക്കും സൗത്ത് ആഫ്രിക്കയുടെ ഭൂരിഭാഗം സീനിയര്‍ കളിക്കാരും. എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, മാര്‍ക്കോ ജാന്‍സെന്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെറെയ്‌നെ, നാന്ദ്രെ ബര്‍ഗര്‍, വിയാന്‍ മള്‍ഡര്‍, ജെറാള്‍ഡ് കോറ്റ്‌സി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഡീന്‍ എല്‍ഗര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.