| Sunday, 25th March 2018, 8:00 am

'നെറികേടുമായി ഓസീസ് ക്രിക്കറ്റ്; പിടിക്കപ്പെട്ടപ്പോള്‍ കുറ്റസമ്മതവും'; പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് ബാന്‍ക്രോഫ്ടും സ്മിത്തും; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ടും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും. പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഇതിനു ശ്രമിച്ചതെന്നാണ് ബാന്‍ക്രോഫ്ട് സമ്മതിച്ചത്. എന്നാല്‍ ഇത് ഒരു ടീം ടാക്ടിക്‌സായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം.

പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായതോടെയാണ് “ബോള്‍ ടാംപറിങ്ങ്” വിവാദം ഉയര്‍ന്നുവന്നത്. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു സംഭവം. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് ന്യായീകരണവുമായെത്തിയത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നു എന്നാണ് പത്ര സമ്മേളനത്തില്‍ സ്മിത്ത് വിശദീകരിച്ചത്.

പന്തിനു കൂടുതലായി റിവേഴ്‌സ് സ്വിങ്ങ് ലഭിക്കുന്നതിനുവേണ്ടിയാണ് താരങ്ങള്‍ കൃത്രിമം കാട്ടിയത്. എന്നാല്‍ സംഭവത്തിന്റെ പേരില്‍ താന്‍ ഓസീസ് നായകസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. “രാജിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഇപ്പോഴും ഞാന്‍ കരുതുന്നത്. ഞാന്‍ ഇതിനു അനുയോജ്യനായ വ്യക്തി തന്നെയാണെന്നാണ്.” താരം പത്രസമ്മേളനത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more