ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത് നയിക്കും. നാലാം ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സ് ടീമിനൊപ്പം ചേരില്ല എന്ന് ഉറപ്പായതോടെയാണ് സ്മിത്തിന് വീണ്ടും ഓസ്‌ട്രേലിയയെ നയിക്കാനുള്ള നിയോഗമെത്തിയത്.
ആദ്യ രണ്ട് ടെസ്റ്റിലും ഓസ്‌ട്രേലിയയെ നിലംപരിശാക്കിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനായി ഇന്‍ഡോറിലേക്കെത്തിയത്. പേസിനെ തുണക്കുന്ന രീതിയില്‍ പിച്ചൊരുക്കി മൂന്നാം മത്സരത്തിലും വിജയിക്കാമെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാമെന്നും കണക്കുകൂട്ടിയ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത് ക്യാപ്റ്റന്റെ റോളിലെത്തിയ സ്റ്റീവ് സ്മിത്തായിരുന്നു.
ബൗളര്‍മാരെ കൃത്യമായി വിനിയോഗിച്ചതിനൊപ്പം അളന്നുമുറിച്ച ഫീല്‍ഡ് പ്ലേസ്‌മെന്റുമായി സ്മിത് ഇന്ത്യക്ക് തിരിച്ചടികള്‍ നല്‍കിക്കൊണ്ടേയിരുന്നു. മോഡേണ്‍ ഡേ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് താരങ്ങളില്‍ ഒരാളായ സ്മിത്തിന്റെ ക്രിക്കറ്റ് ബ്രെയ്‌നിന് മുമ്പില്‍ ഇന്ത്യ മൂന്നാം ദിവസം തന്നെ അടിയറവ് പറയുകയായിരുന്നു.
മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. 109 റണ്‍സിനാണ് പേരുകേട്ട ഇന്ത്യന്‍ നിരയെ ഓസീസ് ബൗളര്‍മാര്‍ ഒന്നൊഴിയാതെ എറിഞ്ഞിട്ടത്.
22 റണ്‍സ് നേടി വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാരയെയും ശ്രേയസ് അയ്യരിനെയും രവീന്ദ്ര ജഡേജയെയും ഓസീസ് ഒറ്റയക്കത്തിന് പിടിച്ചുകെട്ടിയിരുന്നു. മാറ്റ് കുന്‍മാനെ മുന്‍നിര്‍ത്തിയായിരുന്നു ആദ്യ ഇന്നിങ്‌സില്‍ സ്മിത്ത് ഇന്ത്യയെ തരിപ്പണമാക്കിയത്.
ഒന്നാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഓസീസ് 197 റണ്‍സ് നേടി.
88 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി സ്മിത്ത് ഒരുക്കി നിര്‍ത്തിയത് നഥാന്‍ ലിയോണിനെയായിരുന്നു. 23.3 ഓവറില്‍ ഏഴ് വിക്കറ്റുമായി ലിയോണ്‍ ഇന്ത്യക്ക് മേല്‍ പടര്‍ന്നുകയറി. ഒടുവില്‍ 168 റണ്‍സാണ് ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം ഓസീസ് ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പരയിലേക്ക് തിരിച്ചുവരാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാനും ഓസീസിനായി.
മാര്‍ച്ച് ഒമ്പതിനാണ് പരമ്പരയിലെ നാലാമത്തെയും അവസാനത്തേയും ടെസ്റ്റ്. ഈ മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും വിജയം മാത്രം ലക്ഷ്യമാക്കി ഓസ്‌ട്രേലിയയും ഇറങ്ങുമ്പോള്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തീ പാറും എന്ന കാര്യം ഉറപ്പാണ്.\
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് പരമ്പര സമനിലയിലായിട്ടുള്ളത്. ആ നേട്ടം വീണ്ടും ആവര്‍ത്തിക്കാന്‍ തന്നെയായിരിക്കും ഓസീസ് ഇറങ്ങുക.
Content Highlight: Steve Smith will lead Australia in 4th test