|

ഇന്ത്യക്ക് വന്‍ തിരിച്ചടി; ഓസീസിനെ നയിക്കാനെത്തുന്നത് കമ്മിന്‍സല്ല; ടീം ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ അവനെത്തുമെന്ന് മുന്നറിയിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ച ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീം 262 റണ്‍സിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 113 റണ്‍സിന് ഒതുക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം അനായാസമായത്.

115 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ ടീം ആറ് വിക്കറ്റുകള്‍ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 31 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വര്‍ പുജാര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ടീം വിജയ ലക്ഷ്യം മറികടന്നത്.

നാല് മത്സര ടെസ്റ്റ് പരമ്പര നിലനിര്‍ത്തിയ ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു ജയമോ സമനിലയോ നേടിയാല്‍പ്പോലും പരമ്പര ഉറപ്പിക്കാനാവും. എന്നാല്‍ വലിയ ആത്മവിശ്വാസത്തോടെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് ഇപ്പോള്‍ ശക്തമായ മുന്നറിയിപ്പാണ് ഓസീസ് നല്‍കിയിരിക്കുന്നത്.

മൂന്നാം ടെസ്റ്റ് കളിക്കാന്‍ നായകന്‍ പാറ്റ് കമ്മിന്‍സില്ലെന്നും സ്റ്റീവ് സ്മിത്താവും ടീമിനെ നയിക്കുകയെന്നുമാണ് ഓസീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ആദ്യത്തെ രണ്ട് മത്സരം നഷ്ടപ്പെട്ടുവെങ്കിലും ഓസീസ് ഇപ്പോഴും കരുത്തരുടെ നിരയാണ്.

വലിയ അനുഭവസമ്പത്തുള്ള താരമാണ് സ്മിത്ത്. നായകനെന്ന നിലയില്‍ പാറ്റ് കമ്മിന്‍സ് തുടക്കക്കാരനാണ്. അതിന്റെ പ്രശ്നങ്ങള്‍ താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പ്രകടമായിരുന്നു. ആദ്യത്തെ രണ്ട് ടെസ്റ്റിലും പതറിപ്പോവുന്ന ഓസ്ട്രേലിയയെയാണ് കണ്ടത്. എന്നാല്‍ സ്മിത്ത് ക്യാപ്റ്റാനായി എത്തുന്നതോടെ കങ്കാരുക്കളുടെ മേലുള്ള സമ്മര്‍ദം കുറയും.

പരിചയ സമ്പന്നനായ സ്മിത്ത് കരിയറില്‍ നിരവധി തവണ ഇത്തരം ഘട്ടങ്ങള്‍ നിഷ്പ്രയാസം മറികടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയുടെ തന്ത്രവും പ്രകടനവും മാറും.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരിക്കും ടീം ഇന്ത്യയെ തേടിയെത്തുക. ഇന്ത്യന്‍ പിച്ചുകളില്‍ കരുത്ത് തെളിയിച്ച സ്മിത്തിന്റെ പ്രകടനം ഇന്ത്യക്ക് വെല്ലുവിളിയാകും. ഇന്ത്യന്‍ പിച്ചുകളിലെ അനുഭവസമ്പത്ത് മുതലാക്കാന്‍ അറിയാവുന്ന സ്മിത്തിന്റെ തന്ത്രത്തെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.

എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിന് അഭിമാനം സംരക്ഷിക്കാനെങ്കിലും വരുന്ന രണ്ട് ടെസ്റ്റിലും വിജയിച്ച് പരമ്പര സമനിലയിലാക്കേണ്ടത് ഓസീസിന് അനിവാര്യമാണ്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് (2003-2004) പരമ്പര സമനിലയില്‍ പിരിഞ്ഞത്. നാണക്കേട് മറയ്ക്കാന്‍ ഓസീസിന് ഈ പരമ്പര സമനിലയിലാക്കുക മാത്രമാണ് പോംവഴി.

Content Highlights: Steve smith will be the captain of team Australia in Border gavaskar trophy