| Tuesday, 16th January 2024, 5:28 pm

പുതിയ പൊസിഷനില്‍ പരീക്ഷണവുമായി സ്മിത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനുമായുള്ള ടെസ്റ്റ് സിരീസിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ പോവുകയാണ് ഓസീസ്. ഡേവിഡ് വാര്‍ണറിന്റെ വിരമിക്കലിന് ശേഷം ഓസ്‌ട്രേലിയയുടെ ആദ്യ അന്താരാഷ്ട്ര മത്സരമാണ്. സിരീസില്‍ പുതിയ റോളില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ടീമിന്റെ എക്കാലത്തെയും മികച്ച താരമായ സ്റ്റീവ് സ്മിത്ത്.

നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ താരം ഓപ്പണിങ് റോളിലാവും ഇറങ്ങുക. ഇതിന് മുന്‍പ് നാലാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന സ്മിത്തിന്റെ പുതിയ പരീക്ഷണം എങ്ങനെയുണ്ടാകുമെന്ന് ആകാംക്ഷയോടെ നോക്കുകയാണ് ക്രിക്കറ്റ് ലോകം. മുമ്പ് എതിരാളികള്‍ തനിക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോള്‍ ന്യൂബോളില്‍ എങ്ങനെ നേരിടേണ്ടി വരുമെന്ന് നോക്കണമെന്ന് സ്മിത്ത് പറഞ്ഞു.

112 ടെസ്റ്റ് കളിച്ച വാര്‍ണര്‍ തന്റെ കരിയര്‍ മനോഹരമാക്കിയതു പോലെ പുതിയ റോളില്‍ അറ്റാക്കിങ് ഫീല്‍ഡിനെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നും സ്മിത് പറഞ്ഞു. 3-0നായിരുന്നു പാകിസ്ഥാനെ പരമ്പരയില്‍ തോല്‍പ്പിച്ചത്.

ഓസ്‌ട്രേലിയന്‍ അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സ്മിത് ഇക്കാര്യം പറഞ്ഞത്. ‘ന്യൂ ബോളില്‍ കളിക്കുക എന്നത് നല്ലൊരു കാര്യമാണ്. അത് കളിയെ കൂടുതല്‍ മനോഹരമാക്കും. സ്‌കോറിങ് വേഗത്തിലാക്കാനും കൂടുതല്‍ അറ്റാക്ക് ചെയ്ത് കളിക്കാനും ഇത് സഹായിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടീം ഒരുപാട് റണ്‍സ് നേടിയ ശേഷമാണ് ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുന്നത്. അത് എന്നെ കൂടുതല്‍ ബോള്‍ ഫേസ് ചെയ്ത് പതിയെ സ്‌കോര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. ന്യൂ ബോളും വിടവുകളുള്ള അറ്റാക്കിങ് ഫീല്‍ഡും കൂടുതല്‍ റണ്‍സ് നേടാന്‍ സഹായകമാകുമെന്ന് കരുതുന്നു’ സ്മിത് പറഞ്ഞു.

രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ അഡ്‌ലെയ്ഡില്‍ ആരംഭിക്കും.

Content Highlight: Steve Smith trying in opening position in test against West Indies

We use cookies to give you the best possible experience. Learn more