| Friday, 27th December 2024, 10:50 am

ഒഫീഷ്യല്‍ ഇന്ത്യന്‍ മര്‍ദകന്‍ എന്ന് അടിവരയിടുന്ന റെക്കോഡ്; ചരിത്ര നേട്ടത്തില്‍ സ്റ്റീവ് സ്മിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ മികച്ച ആദ്യ ഇന്നിങ്‌സ് സ്‌കോറാണ് കങ്കാരുക്കള്‍ പടുത്തുയര്‍ത്തിയത്. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ 474 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ രോഹിത്തിനെയും സംഘത്തെയും ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനയച്ചത്.

ബ്രിസ്‌ബെയ്‌ന് പിന്നാലെ മെല്‍ബണിലും സെഞ്ച്വറി നേടിയ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 197 പന്തില്‍ നിന്നും 140 റണ്‍സാണ് സ്മിത് അടിച്ചെടുത്തത്. 13 ഫോറുകളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അന്താരാഷ്ട്ര റെഡ് ബോള്‍ കരിയറിലെ 34ാം സെഞ്ച്വറി സ്വന്തമാക്കിയ താരം മറ്റൊരു ചരിത്ര നേട്ടവും തന്റെ പേരിലെഴുതിച്ചേര്‍ത്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് കങ്കാരുപ്പടയുടെ മുന്‍ നായകന്‍ സ്വന്തമാക്കിയത്.

ഇത് 11ാം തവണയാണ് സ്മിത് ഇന്ത്യക്കെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. മോഡേണ്‍ ഡേ ലെജന്‍ഡും ഫാബ് ഫോറില്‍ തന്റെ പങ്കാളിയുമായ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിനെ മറികടന്നുകൊണ്ടാണ് സ്മിത് ഈ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 11*

ജോ റൂട്ട് – ഇംഗ്ലണ്ട് – 10

ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 8

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 8

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 8

ബോക്‌സിങ് ഡേ ടെസ്റ്റില്‍ സ്മിത് സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബാറ്റിങ്ങിനിറങ്ങിയ താരങ്ങള്‍ അര്‍ധ സെഞ്ച്വറിയുമായും മികച്ച പ്രകടനം പുറത്തെടുത്തു.

സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമായി ഓസ്ട്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ വെറും മൂന്ന് റണ്‍സുമായി രോഹിത് തന്റെ മോശം പ്രകടനം തുടരുകയാണ്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്‌കോട് ബോളണ്ടിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏക താരം കെ.എല്‍. രാഹുലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 42 പന്തില്‍ 24 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. പാറ്റ് കമ്മിന്‍സ് തന്നെയാണ് വീണ്ടും ഇന്ത്യക്ക് തിരിച്ചടി നല്‍കിയത്.

നിലവില്‍ 21 ഓവര്‍ പിന്നിടുമ്പോള്‍ 71ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 58 പന്തില്‍ 34 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 21 പന്തില്‍ ഒമ്പത് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Content Highlight: Steve Smith tops the list of players with most test centuries against India

We use cookies to give you the best possible experience. Learn more