ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.
ഇപ്പോഴിതാ ഈ ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ സൂപ്പര്‍താരം സ്റ്റീവ് സ്മിത്ത്. കോഹ്‌ലി മികച്ചൊരു ബാറ്ററാണെന്നും തങ്ങള്‍ തമ്മില്‍ ഇപ്പോഴും മെസേജുകള്‍ അയക്കാറുണ്ടെന്നുമാണ് സ്മിത്ത് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു ഓസീസ് സൂപ്പര്‍താരം.
‘വിരാട് കോഹ്‌ലി ഒരു അത്ഭുതപ്പെടുത്തുന്ന ബാറ്ററാണ്. ഞാനും കോഹ്‌ലിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഞങ്ങള്‍ എല്ലായ്‌പ്പോഴും അങ്ങോട്ടുമിങ്ങോട്ടും മെസേജുകള്‍ അയക്കാറുണ്ട്. വിരാട് കോഹ്‌ലിയുടെ ചിന്തകളും പ്രവര്‍ത്തികളും ഒരു ഓസ്ട്രേലിയക്കാരന്‍ ചെയ്യുന്നത് പോലെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം വെല്ലുവിളികള്‍ വളരെ മികച്ച രീതിയില്‍ നേരിടുകയും ചെയ്യുന്നു’, ഓസ്ട്രേലിയന്‍ സൂപ്പര്‍താരം പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റെടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം തന്നെയാണ് സ്മിത്തും നടത്തിയിട്ടുള്ളത്. ഇന്ത്യക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 18 മത്സരങ്ങളില്‍ 35 ഇന്നിങ്സുകളില്‍ 1887 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളുമാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.
അതുകൊണ്ടുതന്നെ കങ്കാരുപ്പടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.
Content Highlight: Steve Smith Talks About Virat Kohli