| Thursday, 5th September 2024, 8:07 am

അവർ മികച്ച ടീമാണ്, അവരെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണ്: സ്റ്റീവ് സ്മിത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോഴിതാ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം സ്റ്റീവ് സ്മിത്ത്.

‘ഈ പരമ്പരക്കായി ഞാന്‍ വളരെ ആവേശത്തിലാണ്. ഇതൊരു മികച്ച പരമ്പരയായിരിക്കും. ഇപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മികച്ച ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല. ഈ സമയങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച ഒരു ടീമിനെയാണ് ലഭിച്ചത്. അവര്‍ ഇവിടെ മികച്ച ക്രിക്കറ്റ് കളിച്ചു.

ഞങ്ങള്‍ ഇന്ത്യയില്‍ കളിച്ചപ്പോഴും അവര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പരമ്പര വളരെ ആവേശകരമായ ഒന്നായിരിക്കും. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്,’ സ്റ്റീവ് സ്മിത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് ഓസ്‌ട്രേലിയന്‍ താരത്തിനുള്ളത്. 18 മത്സരങ്ങളില്‍ 35 ഇന്നിങ്‌സുകളില്‍ 1887 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളുമാണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പിറന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം വരാനിരിക്കുന്ന പരമ്പരയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഓസ്ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ ഷെല്‍ഫിലാണ്.

ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. അതുകൊണ്ടുതന്നെ കങ്കാരുപടയ്ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

Content Highlight: Steve Smith Talks About Border Gavaskar Trophy

We use cookies to give you the best possible experience. Learn more