2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന് (മാര്‍ച്ച് 4) നടക്കും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വമ്പന്‍മാരായ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. മെഗാ ക്ലാഷ് മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെതിരെ ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ഇപ്പോള്‍ സെമി ഫൈനലിനെക്കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്. ദുബായില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കൂടൂതല്‍ സാധ്യതകള്‍ ഉണ്ടെന്നും എന്നാല്‍ അവരെ നേരിടാന്‍ ഓസീസ് സ്റ്റാര്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്ഡിന് സാധിക്കുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.
‘സ്പിന്നര്‍മാര്‍ക്ക് ഇവിടെ മുന്‍തൂക്കമുണ്ടാകും, ഞങ്ങള്‍ അതിനെ പ്രതിരോധിക്കേണ്ടിവരും. ഇന്ത്യന്‍ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് കുറച്ച് ഓപ്ഷനുകള്‍ ഉണ്ട്. ഒരു വലിയ മത്സരത്തില്‍ സമ്മര്‍ദം എപ്പോഴും ഉണ്ടാകും, എന്നാല്‍ മുന്‍ കാലങ്ങളിലെ അത്തരം മത്സരങ്ങളില്‍ ട്രാവിസ് ഹെഡ് മികച്ച സ്‌കോര്‍ നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. ദുബായില്‍ ഇന്ത്യക്കെതിരെ ഹെഡ് അഗ്രസീവായി കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പവര്‍പ്ലേ ഓവറുകളില്‍ അയാള്‍ ആക്രമിച്ച് കളിക്കും,’ സ്മിത് പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയ വലിയ ഐ.സി.സി ഇവന്റുകളില്‍ ട്രാവിസ് ഹെഡ് മികച്ച പ്രകടനമാണ് നടത്തിയത്. 2023 ഏകദിന ലോകകപ്പില്‍ സെഞ്ച്വറി നേടിയ മിന്ന ഹെഡ്ഡ് ഓസീസിനെ കിരീടത്തിലെത്തിച്ചിരുന്നു. മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടിയ താരവും ഹെഡ്ഡാണ്.
എന്നിരുന്നാലും സെമിയില്‍ ശക്തരായ ഇന്ത്യയോട് പൊരുതാന്‍ ഓസ്‌ട്രേലിയ വിയര്‍ക്കുമെന്നത് ഉറപ്പാണ്. ആറ് പ്രധാന കളിക്കാരില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്.
ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിരമിക്കലിന് ശേഷം ഓസ്ട്രേലിയയ്ക്ക് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, കാമറോണ്‍ ഗ്രീന്‍ എന്നീ സൂപ്പര്‍ താരങ്ങളെ പരിക്ക് മൂലം നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരിക്കേറ്റ ഓസീസ് ഓപ്പണര്‍ മാത്യു ഷോട്ടിന്റെ വിടവും ഓസീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Content Highlight: Steve Smith Talking about Travis Head And Indian Spinners