| Saturday, 5th October 2024, 4:56 pm

എനിക്ക് ഒരു ഐഡിയയുമില്ല, ടീമിന് വേണ്ടി എവിടെ വേണമെങ്കിലും ഞാന്‍ ബാറ്റ് ചെയ്യും: സ്റ്റീവ് സ്മിത്

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. നവംബര്‍ 26നാണ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനോടും ന്യൂസിലന്‍ഡിനുമെതിരായ അവസാന രണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഓപ്പണ്‍ ചെയ്‌തെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഡേവിഡ് വാര്‍ണര്‍ വിരമിച്ച ശേഷം ബാറ്റിങ് ഓര്‍ഡറില്‍ വന്ന മാറ്റത്തെക്കുറിച്ച് നിരവധി ചര്‍ച്ചകളായിരുന്നു നടന്നത്. സ്മിത്തിനോട് ബാറ്റിങ് പൊസിഷനെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകനോട് മറുപടി പറയുകയായിരുന്നു.

സ്മിത് തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സംസാരിച്ചത്

‘എനിക്ക് ഒരു ഐഡിയയുമില്ല. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഉസ്മാനെ (ഖവാജ) പോലെയുള്ള ആളുകള്‍ നടത്തിയ ചില അഭിപ്രായങ്ങള്‍ നിങ്ങള്‍ കാണുന്നു. നാലാം നമ്പറില്‍ ഇറങ്ങുന്നത് ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, മാര്‍നസ് (ലാബുഷാന്‍) സമാനമായ ഒരു ചിന്താഗതിക്കാരനാണെന്ന് ഞാന്‍ കരുതുന്നു. അതെ, നമുക്ക് കാത്തിരുന്ന് കാണാം. ഏത് പൊസിഷനിലും ഞാന്‍ സന്തോഷവാനാണ്. ടീമിനായി എവിടെയായാലും ഞാന്‍ ബാറ്റ് ചെയ്യും, പക്ഷേ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ കാണണം,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്മിത്തിന്റെ പ്രകടനം

ഇതുവരെ കളിച്ച 109 ടെസ്റ്റുകളിലെ 195 ഇന്നിങ്‌സില്‍ നിന്ന് 9685 റണ്‍സാണ് സ്മിത് നേടിയത്. വലംകൈയ്യന്‍ ബാറ്റര്‍ക്ക് ഫോര്‍മാറ്റില്‍ 56.97 ആവറേജും 53.51 സ്‌ട്രൈക്ക് റേറ്റുമാണ് ഉള്ളത്. 32 സെഞ്ച്വറിയും നാല് ഡെബിള്‍ സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറിയും സ്മിത് ടെസ്റ്റില്‍ നേടിയിട്ടുണ്ട്.

Content Highlight: Steve Smith Talking About His Bating Position In Test Cricket

We use cookies to give you the best possible experience. Learn more