ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് മായങ്ക് യാദവ് എന്ന 21കാരന്‍ അരങ്ങേറ്റം കുറിച്ചത്. ഐ.പി.എല്ലില്‍ കളിച്ച രണ്ടേ രണ്ട് മത്സരം കൊണ്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സൂപ്പര്‍ താരമായി മാറാന്‍ മായങ്കിന് സാധിച്ചിരുന്നു.
കളിച്ച രണ്ട് മത്സരത്തിലും കളിയിലെ താരമായാണ് മായങ്ക് തിളങ്ങിയത്. ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ആദ്യ താരം എന്ന നേട്ടവും ഇതോടൊപ്പം താരം സ്വന്തമാക്കി.
ഇപ്പോള്‍ മായങ്ക് യാദവ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരവും ഫാബ് ഫോറിലെ കരുത്തനുമായ സ്റ്റീവ് സ്മിത്. തനിക്ക് മായങ്ക് യാദവിനെ നേരിടാന്‍ ആഗ്രഹമുണ്ടെന്നും സ്മിത് പറഞ്ഞു.
‘ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മായങ്ക് യാദവ് ഉറപ്പായും കളിക്കണം. അവന്റെ വേഗതയേറിയ പന്തുകളെ നേരിടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ സ്മിത് പറഞ്ഞു.
സീസണില്‍ ഗംഭീര പ്രകടനമാണ് മായങ്ക് യാദവ് നടത്തുന്നത്. പഞ്ചാബ് കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അവശ്യമായ ബ്രേക് ത്രൂ നല്‍കിയതും തുടര്‍ന്നങ്ങോട്ടും മൊമെന്റം കാത്തുസൂക്ഷിച്ചതും ഈ 21കാരനായിരുന്നു. ഇതിന് പിന്നാലെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മായങ്കിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകത്തില്‍ ഹോം ടീമിന്റെ കണ്ണുനീര്‍ വീഴ്ത്തിയതും മായങ്ക് യാദവ് തന്നെയായിരുന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും അടക്കം മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇതിന് പിന്നാലെ ഒരിക്കല്‍ക്കൂടി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും താരത്തെ തേടിയെത്തി.
കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ ഇന്ത്യ 2-1ന് വീണ്ടും പമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും മൂന്നാം മത്സരത്തില്‍ ഓസീസും വിജയിച്ചപ്പോള്‍ അവസാന മത്സരം സമനിലയിലായി.
ഈ വര്‍ഷം നവംബറിലാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കായുള്ള പരമ്പര നടക്കുന്നത്. ഇത്തവണ അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.