യു.എ.ഐയില്‍ നടന്ന 2021 ട്വന്റി-20 ലോകകപ്പില്‍ ചാമ്പ്യന്മാരായ ടീമായിരുന്നു ഓസ്‌ട്രേലിയ. ഈ കൊല്ലം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിലും ജേതാക്കാളാകാന്‍ ഒരുങ്ങുകയാണ് ഓസീസ് പട.
ഓസീസ് ടീമില്‍ കാലങ്ങളായി ആങ്കര്‍ റോളില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന കളിക്കാരനായിരുന്നു സ്റ്റീവ് സ്മിത്. മൂന്നാം നമ്പറില്‍ ഓസീസിന്റെ വിശ്വസ്ത ബാറ്ററായിരുന്നു സ്മിത്. എന്നാല്‍ മിച്ചല്‍ മാര്‍ഷിന്റെ മൂന്നാം നമ്പറിലെ പ്രകടനം ഓസ്‌ട്രേലിയയെ മാറ്റി ചിന്തിപ്പിക്കുകയായിരുന്നു.
എന്നാല്‍ തന്റെ ആങ്കര്‍ എന്ന ടാഗ് മാറ്റാന്‍ സമയമായെന്നാണ് സ്മിത് വിശ്വസിക്കുന്നത്. കോച്ച് തന്നോട് ഫ്രീയായി അടിച്ചുകളിച്ചോളാന്‍ പറഞ്ഞതായും സമിത് പറഞ്ഞു.
‘നിങ്ങളോട് സത്യസന്ധമായി പറഞ്ഞാല്‍, ആങ്കര്‍ എന്ന ടാഗ് എടുത്തുകളഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ദിവ (സ്റ്റാന്‍ഡ്-ഇന്‍ കോച്ച് മൈക്കല്‍ ഡി വെനുട്ടോ) കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു ‘ഞങ്ങള്‍ ആ ടാഗ് ഒഴിവാക്കുകയാണ്, ക്രീസില്‍ പോയി സ്വതന്ത്രമായി കളിക്കുക. നിങ്ങളുടെ ആദ്യത്തെ അല്ലെങ്കില്‍ രണ്ടാമത്തെ പന്ത് സിക്സറാക്കണം എന്ന് തോന്നിയാല്‍ സിക്‌സറിന് വേണ്ടി ശ്രമിക്കുക,’ സ്മിത് പറഞ്ഞു.
‘അതുകൊണ്ട് ക്രീസില്‍ ചെന്ന് സ്വതന്ത്രമായി കളിക്കുകയും എന്റെ ഇന്റന്റില്‍ വിശ്വസിച്ച് നില്‍ക്കുകയും ചെയ്യാം. ചെയ്യുന്നത്, ഏത് ഫോര്‍മാറ്റിലായാലും ടീമിന് ആവശ്യമായ രീതിയില്‍ ബാറ്റ് ചെയ്യുന്നതില്‍ ഞാന്‍ വിജയിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും വിക്കറ്റ് സംരക്ഷിച്ചാണ് ഞാന്‍ കളിക്കാറുള്ളത്. ടി-20യില്‍ അതില്‍ വലിയ കാര്യമില്ല,’ സ്മിത് കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്മിത് ഫസ്റ്റ് ഇലവനില്‍ ഇടം നേടിയിരുന്നു. നിലവിലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ സാഹചര്യത്തില്‍ സ്മിത് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത.
തന്നെ ഏല്‍പ്പിച്ചിരുന്ന ആങ്കര്‍ റോളില്‍ ഗിയര്‍ മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ അടുത്തതായി വരാനുള്ള പിഞ്ച് ഹിറ്റേഴ്‌സിനെ ആലോചിച്ച് സമര്‍ദ്ദപ്പെടാറുണ്ടെന്ന് സ്മിത് കൂട്ടിച്ചേര്‍ത്തു. ആ ഒരു ശൈലിയല്ല തന്റേത് എന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും സ്മിത്തിന്റെ പുതിയ റോള്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ ആരാധകരെല്ലാം ആവേശത്തിലാണ്.
Content Highlights: Steve Smith says he is going to switch role to attacking mode