| Sunday, 22nd January 2023, 11:45 am

ആര്‍ക്കും തടുക്കാനാവാത്ത സ്മിത്തിനെ ഒടുവില്‍ 'അടിവാങ്ങിയെങ്കിലും' തടുത്തത് സ്വന്തം ക്യാപ്റ്റന്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂ ആന്‍ഡ് ഇംപ്രൂവ്ഡ് സ്റ്റീവ് സ്മിത്താണ് ബിഗ് ബാഷ് ലീഗിലെ പ്രധാന കാഴ്ച. സിഡ്‌നി സിക്‌സേഴ്‌സ് – സിഡ്‌നി തണ്ടര്‍ മത്സരത്തില്‍ വീണ്ടും സെഞ്ച്വറിയടിച്ചാണ് സ്മിത് കുതിക്കുന്നത്.

മുന്നില്‍ കണ്ട തണ്ടര്‍ ബൗളര്‍മാരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തല്ലിയൊതുക്കിയ സ്മിത് 66 പന്തില്‍ നിന്നും പുറത്താവാതെ 125 റണ്‍സാണ് സ്വന്തമാക്കിയത്. തണ്ടര്‍ ബൗളര്‍മാര്‍ക്ക് ഇടി മിന്നലേറ്റ അവസ്ഥ തന്നെയായിരുന്നു സ്മിത്ത് സമ്മാനിച്ചത്. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്.

എട്ടില്‍ കുറഞ്ഞ എക്കോണമി ഒരു തണ്ടര്‍ ബൗളര്‍മാര്‍ക്കും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ക്രിസ് ഗ്രീനിന് മാത്രമാണ് കൂട്ടത്തില്‍ കുറച്ച് അടി കൊള്ളേണ്ടി വന്നത്. നാല് ഓവറില്‍ 32 റണ്‍സാണ് ഗ്രീന്‍ വഴങ്ങിയത്.

ആര്‍ക്കും തടുക്കാന്‍ സാധിക്കാത്ത സ്റ്റീവ് സ്മിത്തിനെ കഴിഞ്ഞ മത്സരത്തില്‍ തടഞ്ഞ ഒരാളുണ്ടായിരുന്നു, സഹതാരവും സിക്‌സേഴ്‌സ് ക്യാപ്റ്റനുമായ മോയ്‌സസ് ഹെന്റിക്വെസ്. മത്സരത്തിന്റെ 18ാം ഓവറിലായിരുന്നു ഹെന്റിക്വെസ് അടി കൊണ്ട് സ്മിത്തിനെ തടുത്തത്.

ഡാനിയല്‍ സാംസ് എറിഞ്ഞ സ്ലോ ബോള്‍ സ്മിത് ഒരു സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ചു. എന്നാല്‍ ആ ഷോട്ട് ചെന്നുകൊണ്ടതാവട്ടെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ സിംഗിളോടാന്‍ കാത്തുനിന്ന ഹെന്റിക്വെസിന്റെ കാലിലും.

പന്ത് കാലില്‍ കൊണ്ടതോടെ ഹെന്റിക്വെസ് നിലതെറ്റി വീഴുകയായിരുന്നു. എന്നാല്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ബാറ്റിങ് തുടരാനുമായിരുന്നു താരം സ്മിത്തിനോട് പറഞ്ഞത്. ഷോട്ടിന് ശേഷം സ്മിത് കൈ ഉയര്‍ത്തി കുഴപ്പമൊന്നുമില്ലല്ലോ എന്ന മട്ടില്‍ ആംഗ്യവും കാണിച്ചിരുന്നു.

സ്മിത്തിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തണ്ടര്‍ 62 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 125 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് സിക്‌സേഴ്‌സ് സ്വന്തമാക്കിയത്.

13 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും മൂന്ന് തോല്‍വിയുമായി 19 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സിക്‌സേഴ്‌സ്.

13 മത്സരത്തില്‍ നിന്നും ആറ് ജയത്തോടെ നാലാം സ്ഥാനത്താണ് സിഡ്‌നി തണ്ടര്‍.

Content highlight: Steve Smith’s shot hits non striker

We use cookies to give you the best possible experience. Learn more