ഇത്രത്തോളം ഭാഗ്യവാനായ ഒരു മനുഷ്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടാകാനിടയില്ല. തിരിച്ചുവരവിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടുകയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തുകൊണ്ടാണ് സ്റ്റീവ് സ്മിത് ഒരിക്കല്‍ക്കൂടി ആരാധകരെ ത്രസിപ്പിച്ചത്. സ്വപ്‌നതുല്യമായ ഇന്നിങ്‌സ് എന്ന് വേണമെങ്കില്‍ ബി.ബി.എല്ലിലെ സ്മിത്തിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാം.
വീണുകിട്ടിയ അവസരം ഇത്രത്തോളം മികച്ചതാക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടുണ്ടാകില്ല. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെ ഔട്ടിനെ അതിജീവിക്കുക, 95ല്‍ നില്‍ക്കവെ സിക്‌സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കുക, ശേഷം ഒരു പന്ത് പോലും ഫേസ് ചെയ്യാതെ പുറത്താവുക ഇതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.
ബി.ബി.എല്ലില്‍ സിഡ്‌നി സിക്‌സേഴ്‌സും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സ്മിത്ത് തന്റെ ക്ലാസ് വ്യക്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴ്‌സിന് തുടക്കത്തിലേ ഓപ്പണര്‍ ജോഷ് ഫിലിപ്പിനെ നഷ്ടപ്പെട്ടിരുന്നു. ഒറ്റ റണ്‍സ് മാത്രം നേടി നില്‍ക്കവെയായിരുന്നു താരം പുറത്തായത്.
മറ്റൊരു ഓപ്പണറായ സ്റ്റീവ് സ്മിത്തും ഒറ്റയക്കത്തിന് പുറത്താകേണ്ടതായിരുന്നു. ബാറ്റില്‍ കൊണ്ട പന്ത് ഉരുണ്ട് വിക്കറ്റില്‍ കൊളളുകയായിരുന്നു. പന്ത് വിക്കറ്റില്‍ കൊണ്ടു എന്ന് സൂചിപ്പിച്ചുകൊണ്ട് എല്‍.ഇ.ഡി ലൈറ്റുകള്‍ തെളിഞ്ഞിരുന്നെങ്കിലും ബെയ്ല്‍സ് താഴെ വീണില്ല. ഇതോടെ സ്മിത്ത് പുറത്താവലില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് സിക്‌സറിന് പറത്തിയാണ് സ്‌ട്രൈക്കേഴ്‌സിന്റെ നിര്‍ഭാഗ്യം എത്രത്തോളമുണ്ടെന്നതിന്റെ ട്രെയ്‌ലര്‍ സ്മിത് നല്‍കിയത്.
തുടര്‍ന്ന് സ്‌ട്രൈക്കേഴ്‌സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയ സ്മിത്ത് 56ാം പന്തില്‍ സെഞ്ച്വറി തികച്ചിരുന്നു. ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ 95ല്‍ നില്‍ക്കവെ ബെഞ്ചമിന്‍ മനേറ്റിയെ സിക്‌സറിന് പറത്തിയായിരുന്നു സ്മിത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ശേഷം ഒരു പന്ത് പോലും ഫേസ് ചെയ്യാന്‍ സാധിക്കാതെ സ്മിത്ത് റണ്‍ ഔട്ടായി മടങ്ങുകയായിരുന്നു.
സ്മിത്തിന്റെ ബാറ്റിങ് കരുത്തില്‍ സിക്‌സേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ മാറ്റ് ഷോര്‍ട്ടും മൂന്നാമന്‍ അലക്‌സ് കാരിയും തകര്‍ത്തടിച്ചെങ്കിലും മറ്റുള്ളവര്‍ മങ്ങിയതോടെ സ്‌ട്രൈക്കേഴ്‌സ് പതറി. ഷോര്‍ട്ട് 24 പന്തില്‍ നിന്നും 40 റണ്‍സ് നേടി പുറത്തായപ്പോള്‍ കാരി 35 പന്തില്‍ നിന്നും 54 റണ്‍സും നേടി.
മറ്റ് ബാറ്റര്‍മാരെല്ലാം തന്നെ ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ സ്‌ട്രൈക്കേഴ്‌സ് 19 ഓവറില്‍ 144ന് പുറത്തായി.
സ്മിത്താണ് കളിയിലെ കേമന്‍.
Content highlight: Steve Smith’s incredible innings in BBL