|

അതാണ് കണക്കിലെടുക്കുന്നതെങ്കില്‍ അവനെ യുവതാരമാക്കാന്‍ പറ്റില്ല, അതുക്കും മേലേ; സഞ്ജുവിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇതിഹാസ താരം സ്റ്റീവ് സ്മിത്. സഞ്ജുവിന്റെ ലീഡര്‍ഷിപ് സ്‌കില്‍ അപാരമാണെന്നും എക്‌സ്പീരിയന്‍സ് കണക്കിലെടുക്കുമ്പോള്‍ അവനെ യുവതാരമായി കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2022ലെ ടീമിന്റെ പ്രകടനത്തില്‍ നിന്നും ആത്മവിശ്വാസം ഉള്‍ക്കൊണ്ടായിരിക്കും സഞ്ജു പഞ്ചാബിനെതിരെ കളിക്കാന്‍ ഇറങ്ങുകയെന്നും സ്മിത് പറഞ്ഞു.

‘സഞ്ജു സാംസണ്‍ ഒരു യുവതാരമാണ്, എന്നാല്‍ എക്‌സ്പീരിയന്‍സ് കണക്കിലെടുക്കുകയാണെങ്കില്‍ അവനെ ഒരിക്കലും ഒരു യുവതാരമായി കണക്കാക്കാന്‍ സാധിക്കില്ല.

അവന്‍ ടീമിനെ മുമ്പില്‍ നിന്നും നയിക്കുന്നു. കഴിഞ്ഞ വര്‍ഷം മികച്ച രീതിയിലാണ് അവന്‍ ടീമിനെ നയിച്ചത്. 2022ല്‍ രാജസ്ഥാന്‍ ഫൈനല്‍ വരെയെത്തി.

കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രകടനത്തില്‍ നിന്നും അദ്ദേഹം ഉറപ്പായും ആത്മവിശ്വാസം നേടും അവന്‍ ശക്തനായ ഒരു താരമാണ്, മികച്ച രീതിയില്‍ ഗെയിമിനെ കൈകാര്യം ചെയ്യുന്നവനാണ്.

ഇതേ പ്രകടനം അവന്‍ തുടരുകയാണെങ്കില്‍ ഈ സീസണില്‍ രാജസ്ഥാന്‍ മികച്ച പ്രകടനം തുടരുമെന്നാണ് ഞാന്‍ കരുതുന്നത്,’ സ്റ്റീവ് സ്മിത് പറഞ്ഞു.

അതേസമയം, ബര്‍സാപര സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 56 റണ്‍സാണ് പഞ്ചാബ് നേടിയിരിക്കുന്നത്.

18 പന്തില്‍ നിന്നും 39 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങും 12 പന്തില്‍ നിന്നും 13 റണ്‍സുമായി ശിഖര്‍ ധവാനുമാണ് ക്രീസില്‍.

മത്സരത്തില്‍ ഇരുടീമും കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറക്കിയ അതേ ടീമിനെ തന്നെയാണ് രണ്ടാം മത്സരത്തിലും വിന്യസിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോസ് ബട്ലര്‍, യശസ്വി ജെയ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍. അശ്വിന്‍, കെ.എം. ആസിഫ്, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പ്രഭ്സിമ്രാന്‍ സിങ്, ഭാനുക രാജപക്സെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, സിക്കന്ദര്‍ റാസ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍, നഥാന്‍ എല്ലിസ്, അര്‍ഷ്ദീപ് സിങ്.

Content Highlight: Steve Smith praises Sanju Samson