| Thursday, 29th June 2023, 6:48 pm

ഒടുവില്‍ 15K ക്ലബ്ബില്‍ സ്മിത്തും; വിരാടും അംലയും വിവിയന്‍ റിച്ചാര്‍ഡ്‌സുമടങ്ങുന്ന സംഘത്തിലേക്ക് പുതിയ എന്‍ട്രി

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ സംബന്ധിച്ച് നിരവധി നേട്ടങ്ങളാണ് നേടിക്കൊടുത്തത്. 9,000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ലാണ് ഇതില്‍ പ്രധാനം.

ഇതിന് പുറമെ ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 9,000 റണ്‍സ് തികയിക്കുന്ന താരങ്ങളുടെ പട്ടികയില്‍ കുമാര്‍ സംഗക്കാരക്ക് കീഴില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും സ്മിത്തിന് സാധിച്ചിരുന്നു.

എല്ലാത്തിനുമുപരിയായി മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സ്മിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 15,000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിലാണ് സ്മിത്ത് ഇടം നേടിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ലീഡ് ചെയ്യുന്ന പട്ടികയില്‍ ഏഴാമനായാണ് സ്മിത്ത് ഇടം നേടിയിരിക്കുന്നത്.

ഫാബ് ഫോറിലെ മറ്റ് മൂന്ന് പേരും പട്ടികയിലുണ്ടെന്നിരിക്കെ സ്മിത്തിന്റെ വരവ് ഏറെ സ്‌പെഷ്യലാവുകയാണ്.

വേഗത്തില്‍ 15,000 അന്താരാഷ്ട്ര റണ്‍സ് തികച്ച താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

(താരം – രാജ്യം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 333

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 336

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 344

മാത്യൂ ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – 347

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 348

ജോ റൂട്ട് – ഇംഗ്ലണ്ട് – 350

സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ – 351

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 345

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 356

ജാക്ക് കാലീസ് – സൗത്ത് ആഫ്രിക്ക – 361

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 361

സ്മിത്തിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 416 റണ്‍സാണ് നേടിയത്. സ്മിത്തിന് പുറമെ 77 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 66 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും സ്‌കോറിങ്ങില്‍ കരുത്തായി.

ഇംഗ്ലണ്ടിനായി ഒലി റോബിന്‍സണും ജോഷ് ടങ്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോ റൂട്ട് രണ്ട് വിക്കറ്റുമായി തിളങ്ങി. ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 30 റണ്‍സ് എന്ന നിലയിലാണ്. 27 പന്തില്‍ നിന്നും 17 റണ്‍സുമായി സാക്ക് ക്രോളിയും 21 പന്തില്‍ നിന്നും 11 റണ്‍സുമായി ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍.

Content highlight: Steve Smith joins Virat Kohli, Hashim Amla and Vivian Richards  in an elite list

We use cookies to give you the best possible experience. Learn more