ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റിവ് സ്മിത്തിനെയായിരുന്നു. പമ്പരയിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സ്മിത്ത് രണ്ടാം ഇന്നിങ്‌സിലും മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം ആദ്യ ഇന്നിങ്‌സില്‍ ഒറ്റ റണ്‍സ് മാത്രം വഴങ്ങി ഒരു ഓവര്‍ പന്തെറിയുകയും ചെയ്തിരുന്നു.
ഈ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് പിന്നാലെ ഒരു നേട്ടവും സ്മിത്തിനെ തേടിയെത്തിയിരിക്കുകയാണ്. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് സ്മിത്ത്.
ഇംഗ്ലണ്ട് താരങ്ങള്‍ അടക്കി വാഴുന്ന പട്ടികയില്‍ ഫാബ് ഫോറിലെ കരുത്തനായ ജോ റൂട്ടിനൊപ്പമാണ് സ്മിത്ത് ഒന്നാം സ്ഥാനം പങ്കിടുന്നത്. 13 വീതം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമാണ് ഇരുവരും നേടിയത്.
ഫാബ് ഫോറിലെ നാല് താരങ്ങളും ഈ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട് എന്നതാണ് ഈ പട്ടികയുടെ ഏറ്റവും വലിയ പ്രത്യേകത. രണ്ടാമനായി കെയ്ന്‍ വില്യംസണെത്തുമ്പോള്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ് വിരാട്. സ്റ്റുവര്‍ട്ട് ബ്രോഡിനും ബെന്‍ സ്‌റ്റോക്‌സിനുമൊപ്പമാണ് താരം മൂന്നാം സ്ഥാനത്ത് തുടരുന്നത്.
ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒറ്റ ബൗളര്‍ മാത്രമാണ് ഉള്ളത് എന്നതാണ് ബ്രോഡിന്റെ നേട്ടത്തെ ഏറെ സ്‌പെഷ്യലാക്കുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരങ്ങള്‍ (ആക്ടീവ് ക്രിക്കറ്റേഴ്‌സ്)
(താരം – ടീം – മാന്‍ ഓഫ് ദി മാച്ച് എന്ന ക്രമത്തില്‍)
സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ – 13
ജോ റൂട്ട് – ഇംഗ്ലണ്ട് – 13
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 11
വിരാട് കോഹ്‌ലി – ഇന്ത്യ – 10
സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 10
ബെന്‍ സ്‌റ്റോക്‌സ് – ഇംഗ്ലണ്ട് – 10
അതേസമയം, സ്റ്റീവ് സ്മിത്തിന്റെ ബലത്തില്‍ വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 2-0ന് മുമ്പിലാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ വിജയിക്കുകയോ അതല്ലെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളും സമനിലയില്‍ കലാശിക്കുകയോ ചെയ്യുകയാണെങ്കില്‍ ഓസീസിന് പരമ്പര സ്വന്തമാക്കാം. ശേഷിക്കുന്ന മൂന്നില്‍ മൂന്ന് മത്സരവും വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് ആഷസ് നേടാന്‍ സാധിക്കൂ.
ജൂലൈ ആറിനാണ് പരമ്പരയിലെ അടുത്ത മത്സരം. യോര്‍ക്‌ഷെയര്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: Steve Smith joins Joe Root in the list of players who have won the most Man of the Match