| Monday, 27th March 2023, 6:17 pm

ലേലത്തില്‍ വിറ്റുപോകാത്ത സ്മിത്ത് ഐ.പി.എല്ലിലേക്ക്; ഏത് ടീമിലേക്കെന്നത് സര്‍പ്രൈസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 16ാം എഡിഷന്റെ ലേലത്തില്‍ വിറ്റുപോകാതെ പോയ താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ലേലത്തില്‍ വിറ്റു പോയില്ലെങ്കിലും ഐ.പി.എല്ലിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് താരം.

ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സ്മിത്ത് ഐ.പി.എല്ലിലേക്കുള്ള തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എന്തായിരിക്കും ലീഗില്‍ താരത്തിന്റെ റോളെന്ന് വ്യക്തമാക്കിയിട്ടില്ല. ഐ.പി.എല്ലില്‍ വ്യത്യസ്തവും ഊര്‍ജസ്വലവുമായ ഒരു ഫ്രാഞ്ചൈസിയിലേക്ക് താനെത്തുന്നു എന്ന് മാത്രമാണ് താരം വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘നമസ്‌തേ ഇന്ത്യ, എനിക്ക് വളരെ സന്തോഷകരമായ ഒരു വാര്‍ത്ത നിങ്ങളോട് പങ്കുവെക്കാനുണ്ട്. ഞാന്‍ ഐ.പി.എല്‍ 2023ന്റെ ഭാഗമാകുന്നു. വളരെ പ്രത്യേകതയുള്ളതും ഊര്‍ജസ്വലമായതുമായ ഒരു ഐ.പി.എല്‍ ടീമിലേക്ക് ഞാന്‍ വരുന്നു,’സ്മിത്ത് വീഡിയോയില്‍ പറഞ്ഞു.

2021 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു സ്മിത്ത്. എന്നാല്‍ താരത്തിന് സീസണില്‍ തിളങ്ങാനായിരുന്നില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 152 റണ്‍സ് മാത്രമായിരുന്നു സ്മിത്തിന് നേടാന്‍ കഴിഞ്ഞത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഭേദപ്പെട്ട ട്രാക്ക് റെക്കോര്‍ഡുള്ള താരമാണ് സ്മിത്ത്. 103 ഇന്നിങ്‌സുകളില്‍ നിന്ന് 2485 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

ലീഗില്‍ ഇതുവരെ നാലോളം ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. 2012ല്‍ പൂനെ വാരിയേഴ്‌സിനൊപ്പമായിരുന്നു ലീഗില്‍ സ്മിത്ത് അരങ്ങേറ്റം കുറിച്ചത്.

തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. പിന്നീട് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിലേക്ക് പോയ സ്മിത്ത് 2019ല്‍ രാജസ്ഥാനിലേക്ക് മടങ്ങിയെത്തി.

മാര്‍ച്ച് 31നാണ് ഐ.പി.എല്ലിന്റെ പതിനാറാം എഡിഷന് തുടക്കമാകുന്നത്. ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

Content Highlights: steve smith joins ipl 2023

We use cookies to give you the best possible experience. Learn more