| Thursday, 26th December 2024, 4:05 pm

ബോക്‌സിങ് ഡേയില്‍ ക്ലാസിക് ഫൈറ്റുമായി സ്മിത്; സ്വന്തമാക്കിയത് മിന്നും റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത് ജസ്പ്രീത് ബുംറയാണ്. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് മുതല്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ ഒന്നുപോലെ തിളങ്ങിയതോടെയാണ് ഓസീസിന് ആദ്യ ദിനം മേല്‍ക്കൈ നേടാന്‍ സാധിച്ചത്. ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മാര്‍നസ് ലബുഷാനാണ്. 145 പന്തില്‍ നിന്നും 72 റണ്‍സ് നേടിയ താരമാണ് ആദ്യ ദിനം ടീമിന്റെ ടോപ് സ്‌കോറര്‍. ജസ്പ്രീത് ബുംറയെ സിക്സറിന് തൂക്കി വരവറിയിച്ച സാം കോണ്‍സ്റ്റസ് 65 പന്തില്‍ 60 റണ്‍സും ഉസ്മാന്‍ ഖവാജ 121 പന്തില്‍ 57 റണ്‍സും നേടി.

ഗാബയില്‍ സെഞ്ച്വറി നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയ സ്റ്റീവ് സ്മിത്ത് മെല്‍ബണിലും തിളങ്ങുകയാണ്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്മിത്ത് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 111 പന്തില്‍ നിന്നും പുറത്താകാതെ 68 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന നാലാമത്തെ താരമാകാനാണ് സ്മിത്തിന് സാധിച്ചത്.

എം.സി.ജിയിലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കേര്‍ നേടുന്ന താരം, എണ്ണം

ഗ്രെഗ് ചാപ്പല്‍ (ഓസ്‌ട്രേലിയ) – 13

ഡോണ്‍ ബാര്‍ഡ്മാന്‍ (ഓസ്‌ട്രേലിയ) – 12

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 11

സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 10

17 പന്തില്‍ എട്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് സ്മിത്തിന് കൂട്ടായി ക്രീസിലുള്ളത്. സൂപ്പര്‍ താരം ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും നിരാശപ്പെടുത്തി. ഹെഡ് ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ 13 പന്തില്‍ നിന്നും നാല് റണ്‍സ് നേടിയാണ് മാര്‍ഷ് തിരിച്ചുനടന്നത്.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അഡ്ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ചാണ് കങ്കാരുക്കള്‍ തിരിച്ചടിച്ചത്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

Content Highlight: Steve Smith In Record Achievement In M.C.G

We use cookies to give you the best possible experience. Learn more