Sports News
നേടിയത് വെറും രണ്ട് ക്യാച്ച്, മറികടന്നത് ഇതിഹാസത്തെ; തകര്‍പ്പന്‍ റെക്കോഡ് നേട്ടത്തില്‍ സ്റ്റീവ് സ്മിത്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 06, 01:06 pm
Thursday, 6th February 2025, 6:36 pm

ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരം ഗല്ലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് നേടാന്‍ സാധിച്ചത്.

ഓസ്‌ട്രേലിയയിലേക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവച്ചത് മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണുമാണ്. ഇരുവരും മൂന്നു വിക്കറ്റുകളാണ് ടീമിനുവേണ്ടി നേടിയത്. സ്റ്റാര്‍ക്ക് 16 ഓവര്‍ എറിഞ്ഞ് മൂന്ന് മെയ്ഡന്‍ അടക്കം 37 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് നേടിയത്. ലിയോണ്‍ 30 ഓവര്‍ എറിഞ്ഞ് അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 78 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് നേടിയത്.

ഇരുവര്‍ക്കും പുറമേ മാത്യു കുനെമാന്‍ 30 ഓവറ് എറിഞ്ഞ് 9 മെയ്ഡന്‍ ഉള്‍പ്പെടെ 53 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. 1.77 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

മത്സരത്തില്‍ ലങ്കന്‍ ബാറ്ററി കാമിന്ദു മെഡിസിന്റെയും ബൗളര്‍ പ്രഭാത് ജയസൂര്യയുടെയും ക്യാച്ച് നേടിയത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം സ്റ്റീവ് സ്മിത്ത് ആയിരുന്നു. ക്യാച്ച് സ്വന്തമാക്കിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ആണ് സ്മിത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്.

ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയിലല്ലാതെ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാകാനാണ് സ്മിത്തിന് സാധിച്ചത്. ഈ റെക്കോഡ് നേട്ടത്തില്‍ ഇതിഹാസതാരം റിക്കി പോണ്ടിങ്ങിനെ മറി കടക്കാനും സ്മിത്തിന് കഴിഞ്ഞു.

ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അല്ലാതെ ഓസ്‌ട്രേലിയയിലേക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരം, ക്യാച്ച്

സ്റ്റീവ് സ്മിത് – 197*

റിക്കി പോണ്ടിങ് – 196

മാര്‍ക്ക് വോ – 181

മാര്‍ക്ക് ടെയ്ലര്‍ – 157

ലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് മൂന്നാമനായി ഇറങ്ങിയ ദിനേശ് ചണ്ടിമലാണ്. 163 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് ആണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് 107 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്.

ഇരുവര്‍ക്കും പുറമേ ഓപ്പണര്‍ ദിമുത് കരുണരത്‌നെ 83 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സ് നേടിയാണ് പുറത്തായത്. തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന കരുണരത്‌നെ വിരമിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

 

Content Highlight: Steve Smith In Great Record Achievement For Australia