വിയര്‍ത്തൊലിച്ച ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം, ഇടിവെട്ട് സെഞ്ച്വറി റെക്കോഡുമായി സ്മിത്; ഗാബയില്‍ ഓസീസ് താണ്ഡവം
Sports News
വിയര്‍ത്തൊലിച്ച ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം, ഇടിവെട്ട് സെഞ്ച്വറി റെക്കോഡുമായി സ്മിത്; ഗാബയില്‍ ഓസീസ് താണ്ഡവം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th December 2024, 12:13 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 86 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. കങ്കാരുക്കള്‍ക്ക് വേണ്ടി മിന്നും പ്രകടനമാണ് ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും കാഴ്ചവെച്ചത്.

ട്രാവിസ് ഹെഡിന് പുറകെ ഓസീസ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തും തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ്. 190 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ തന്റെ 33ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കാനും സ്മിത്തിന് സാധിച്ചു. നീണ്ട 23 ഇന്നിങ്‌സിന് ശേഷമാണ് സ്മിത് ടെസ്റ്റില്‍ വീണ്ടും സെഞ്ച്വറി നേടി കരുത്ത് തെളിയിക്കുന്നത്.

ഇതിനെല്ലാം പുറമെ ഒരു സൂപ്പര്‍ റെക്കോഡ് നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് സ്മിത്തിന് സാധിച്ചത്. ഈ റെക്കോഡ് നേട്ടത്തില്‍ ഓസീസിന്റെ റിക്കി പോണ്ടിങ്ങിനെ മറികടക്കാനും സ്മിത്തിന് സാധിച്ചു.

ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം (രാജ്യം), സെഞ്ച്വറി

സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 15*

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – റിക്കി പോണ്ടിങ് – 14

ജോ റൂട്ട (ഇംഗ്ലണ്ട്) – 13

കുമാര്‍ സങ്കക്കാര (ശ്രീലങ്ക) – 11

വിവിയന്‍ റിച്ചാര്‍ഡ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) – 11

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സ്മിത്തിനെ ജസ്പ്രീത് ബുംറ രോഹിത്തിന്റെ കയ്യില്‍ എത്തിച്ച് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ട് കെട്ട് നേടുന്ന താരങ്ങളായി മാറാന്‍ ഹെഡിനും സ്മിത്തിനും സാധിച്ചിരുന്നു.

മൂന്നാം ടെസ്റ്റിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയായത്. നേരിട്ട 115ാം പന്തില്‍ 101* റണ്‍സ് നേടി സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം നിലവില്‍ 158 പന്തില്‍ 18 ഫോര്‍ ഉള്‍പ്പെടെ 151 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. 92.9 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ഗാബയില്‍ തിളങ്ങുന്നത്.

ആദ്യ ദിനം മഴ മൂലം നിര്‍ത്തിവെച്ച മത്സരത്തിലെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് മോശം അവസ്ഥയാണ് നല്‍കിയത്. എന്നിരുന്നാലും ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മെക്സ്വീനി (9) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് മാര്‍നസ് ലബുഷാന്‍ (12) നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലും കൂടാരം കയറി.

Content Highlight: Steve Smith In Great Record Achievement Against India