മാഞ്ചസ്റ്റര്‍: ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. 26-ാം സെഞ്ചുറി നേടി സച്ചിന്‍ തെണ്ടുല്‍ക്കറുടെ വരെ റെക്കോഡ് ഭേദിച്ച് മുന്നേറിയ സ്മിത്ത് ഇന്ന് ആഷസില്‍ ഇരട്ടസെഞ്ചുറിയും തികച്ചു.
ഏഴുമണിക്കൂറോളം ബാറ്റ് ചെയ്തതിനു ശേഷമായിരുന്നു സ്മിത്തിന്റെ നേട്ടം. തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയും ആദ്യ രണ്ടു വട്ടത്തെപ്പോലെ ഇംഗ്ലണ്ടിനെതിരെയാണ് സ്മിത്ത് നേടിയതെന്നതു ശ്രദ്ധേയമാണ്.
310 പന്തുകളില്‍ നിന്നായിരുന്നു സ്മിത്ത് ഡബിള്‍ തികച്ചത്. 319 പന്തുകളില്‍ നിന്നായി 211 റണ്‍സ് നേടിയ സ്മിത്ത് ജോ റൂട്ടിന്റെ പന്തില്‍ പുറത്തായി.
ആഷസില്‍ മിന്നുന്ന ഫോം തുടരുകയാണ് സ്മിത്ത്. ലോര്‍ഡ്‌സില്‍ നേടിയ 92 റണ്‍സാണ് ഈ സീസണില്‍ ആഷസിലെ സ്മിത്തിന്റെ ചെറിയ സ്‌കോര്‍.
തുടര്‍ച്ചയായി ആഷസ് പരമ്പരകളില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന രണ്ടാമത്തെ ഓസീസ് താരമെന്ന റെക്കോഡും സ്മിത്ത് സ്വന്തമാക്കി. ഇതിനുമുന്‍പ് അലന്‍ ബോര്‍ഡര്‍ (1981-85) മാത്രമാണ് ഈ നേട്ടം കൊയ്തിട്ടുള്ളത്.
നേരത്തേ ഏറ്റവും വേഗത്തില്‍ 26-ാം ടെസ്റ്റ് സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. രണ്ടാമതുണ്ടായിരുന്ന സച്ചിനിപ്പോള്‍ മൂന്നാം സ്ഥാനത്തേക്കാണു പിന്തള്ളപ്പെട്ടത്. മറ്റൊരു ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്.
121 ഇന്നിങ്സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിനാവട്ടെ, 136 ഇന്നിങ്സുകളാണ് ഇതിനായി കളിക്കേണ്ടിവന്നത്. എന്നാല്‍ വെറും 69 ഇന്നിങ്സുകളില്‍ നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തേ ഈ ആഷസില്‍ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. 144, 142 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ആ ടെസ്റ്റില്‍ 251 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഓസീസ് ആതിഥേയര്‍ക്കെതിരെ നേടിയത്.
പന്ത് ചുരണ്ടിയതിന് ഒരുവര്‍ഷത്തെ വിലക്ക് അനുഭവിച്ച് തിരിച്ചുവന്നു കളിച്ച ആദ്യ ടെസ്റ്റിലായിരുന്നു ഈ നേട്ടം.