ഒറ്റ ക്യാച്ച് മതി എല്ലാം മാറിമറിയാൻ; ചരിത്രത്തിൽ ആറാമൻ സ്റ്റീവൻ സ്മിത്ത്
Cricket
ഒറ്റ ക്യാച്ച് മതി എല്ലാം മാറിമറിയാൻ; ചരിത്രത്തിൽ ആറാമൻ സ്റ്റീവൻ സ്മിത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd March 2024, 10:31 pm

ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 369 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ന്യൂസിലാന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് നേടിയിരുന്നു. മത്സരത്തിന്റെ 21ാം ഓവറിന്റെ മൂന്നാം പന്തില്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ 53 റണ്‍സില്‍ നില്‍ക്കേയായിരുന്നു സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്.

ട്രാവിസ് ഹെഡിന്റെ പന്തില്‍ സ്ലിപ്പില്‍ നിന്നും ഇടംകൈ കൊണ്ട് സ്മിത്ത് മിന്നും ക്യാച്ച് സ്വന്തമാക്കുകയായിരുന്നു. 52 പന്തില്‍ 15 റണ്‍സുമായി നിന്ന വില്ലി യങ്ങിനെയാണ് സ്മിത്ത് പുറത്താക്കിയത്.

ഈ തകര്‍പ്പന്‍ ക്യാച്ചിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ കീപ്പര്‍ എന്ന നിലയില്‍ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന ആറാമത്തെ താരമായി മാറിയിരിക്കുകയാണ് സ്മിത്ത്. 182 ക്യാച്ചുകളാണ് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്. 108 മത്സരങ്ങളില്‍ നിന്നുമാണ് സ്മിത്ത് ഇത്രയധികം ക്യാച്ചുകള്‍ നേടിയത്.

ഈ നേട്ടത്തിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്. 164 മത്സരങ്ങളില്‍ നിന്നും 210 ക്യാച്ചുകളാണ് ദ്രാവിഡ് നേടിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അല്ലാതെ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരങ്ങള്‍

(താരം, രാജ്യം, മത്സരങ്ങളുടെ എണ്ണം, ക്യാച്ചുകളുടെ എണ്ണം എന്നീ ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ്-ഇന്ത്യ-164-210

മഹേള ജയവര്‍ധനെ-ശ്രീലങ്ക-149-205

ജാക്ക് കാലീസ്-സൗത്ത് ആഫ്രിക്ക-168-200

റിക്കി പോണ്ടിങ്-ഓസ്‌ട്രേലിയ-168-196

ജോ റൂട്ട്-ഇംഗ്ലണ്ട്-139-192

സ്റ്റീവ് സ്മിത്ത്-ഓസ്‌ട്രേലിയ-108-182

ഓസീസ് ബാറ്റിങ്ങില്‍ നഥാന്‍ ലിയോണ്‍ 46 പന്തില്‍ 41 റണ്‍സും ക്യാമറ ഓണ്‍ ഗ്രീന്‍ 80 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ കിവീസ് 111 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 94 പന്തില്‍ 56 റണ്‍സുമായി രചിന്‍ രവീന്ദ്രയും 63 പന്തില്‍ 12 റണ്‍സുമായി ഡാറില്‍ മിച്ചലുമാണ് ക്രീസില്‍.

Content Highlight: Steve smith great performance in test