Sports News
തോല്‍വിയേക്കാളും സഹിക്കാന്‍ കഴിയാത്തത്... ഏകദിന കരിയര്‍ അവസാനിപ്പിച്ച് സ്റ്റീവ് സ്മിത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 05, 07:43 am
Wednesday, 5th March 2025, 1:13 pm

ഇന്റര്‍നാഷണല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്റ്റീവ് സ്മിത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്മിത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റനായും ബാറ്ററായും മിന്നും പ്രകടനമാണ് സ്മിത് കാഴ്ചവെച്ചത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 170 ഏകദിന മത്സരങ്ങളിലെ 154 ഇന്നിങ്‌സില്‍ നിന്ന് 43.28 ശരാശരിയില്‍ 5800 റണ്‍സ് നേടിയാണ് സൂപ്പര്‍ താരം പടിയിറങ്ങിയത്. ഫോര്‍മാറ്റില്‍ 164 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സ്മിത് നേടിയിട്ടുണ്ട്. 12 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയുമാണ് സ്മിത് ഏകദിനത്തില്‍ സ്വന്തമാക്കിയത്. ഐതിഹാസിതമായ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തെ പ്രമുഖരുടെ പട്ടികയില്‍ എന്നും സ്മിത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

സെമി ഫൈനലിന് ശേഷം 35 കാരനായ സ്മിത് തന്റെ സഹതാരങ്ങളോട് ‘വഴിമാറാന്‍ ശരിയായ സമയമായെന്ന് തോന്നുന്നു’ എന്ന് പറയുകയായിരുന്നു. ശേഷം ഔദ്യോഗികയായി താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

‘ഇത് ഒരു മികച്ച യാത്രയായിരുന്നു, അതിലെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. അതിശയകരമായ നിരവധി സമയങ്ങളും അത്ഭുതകരമായ ഓര്‍മകളും ഉണ്ടായിട്ടുണ്ട്. രണ്ട് ലോകകപ്പുകള്‍ നേടിയതും സഹതാരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങളും വിലപ്പെട്ടതായിരുന്നു. 2027ലെ ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാനുള്ള താരങ്ങള്‍ക്ക് ഇപ്പോള്‍ ഒരു മികച്ച അവസരമാണ്, അതിനാല്‍ വഴിയൊരുക്കാന്‍ ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു.

ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോഴും മുന്‍ഗണനയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും, ശൈത്യകാലത്ത് വെസ്റ്റ് ഇന്‍ഡീസിലും, തുടര്‍ന്ന് സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനുമെതിരെയുമുള്ള മത്സരങ്ങള്‍ക്ക് ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ വേദിയില്‍ എനിക്ക് ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാനുണ്ടെന്ന് എനിക്ക് തോന്നുന്നു,’ സ്മിത് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Steve Smith Finished His ODI Carrier After Semi Final Lose Against India In Champions Trophy