ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.
പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ വിജയം അനിവാര്യമാണ്. അതേസമയം, സിഡ്‌നിയില്‍ സമനില നേടിയാല്‍ പോലും ഓസ്‌ട്രേലിയക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ സാധിക്കും.
എന്നാല്‍ ആതിഥേയരുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് സിഡ്നിയില്‍ കാണുന്നത്. ഇതിനോടകം തന്നെ നഷ്ടപ്പെട്ട ആതിഥേയര്‍ ലീഡ് നേടാനുള്ള കഠിനശ്രമത്തിലാണ്.
ആദ്യ ദിനം തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ (പത്ത് പന്തില്‍ രണ്ട്) നഷ്ടപ്പെട്ട ഓസ്ട്രേലിയക്ക് രണ്ടാം ദിവസം ലഞ്ചിന് മുമ്പ് മാര്‍നസ് ലബുഷാന്‍ (എട്ട് പന്തില്‍ രണ്ട്), സാം കോണ്‍സ്റ്റസ് (38 പന്തില്‍ 22), ട്രാവിസ് ഹെഡ് (മൂന്ന് പന്തില്‍ നാല്), സ്റ്റീവ് സ്മിത് (57 പന്തില്‍ 33) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.
ഖവാജയ്ക്ക് പുറമെ ലബുഷാനെയും ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ കോണ്‍സ്റ്റസിന്റെയും ഹെഡിന്റെയും അന്ത്യം മുഹമ്മദ് സിറാജിന്റെ കൈ കൊണ്ടായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് സ്മിത്തിനെ പുറത്താക്കിയത്.
മികച്ച രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വെബ്സ്റ്റര്‍ – കാരി കൂട്ടുകെട്ട് തകര്‍ത്ത് പ്രസിദ്ധ് കൃഷ്ണ വീണ്ടും ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി. വെബ്‌സ്റ്ററിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് പ്രസിദ്ധ് സിഡ്‌നിയില്‍ കങ്കാരുക്കള്‍ക്ക് വീണ്ടും ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്.
സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ ഡിസ്മിസ്സലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. കരിയറിലെ ചരിത്ര നേട്ടം കണ്‍മുമ്പില്‍ നില്‍ക്കവെയാണ് പ്രസിദ്ധ് സ്മിത്തിനെ മടക്കിയത്.
കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു ഫാബ് ഫോറിലെ കരുത്തന്‍ തിരിച്ചുനടന്നത്. അഞ്ച് റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന ഐതിഹാസിക നേട്ടത്തിലേക്ക് നടന്നുകയറാന്‍ സ്മിത്തിന് സാധിക്കുമായിരുന്നു.
ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന 15ാമത് താരം, റിക്കി പോണ്ടിങ്ങിനും അലന്‍ ബോര്‍ഡറിനും സ്റ്റീവ് വോയ്ക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത് ഓസീസ് താരം തുടങ്ങിയ നേട്ടങ്ങളും ഇതോടെ സ്മിത്തിന് നഷ്ടമായി.
നിലവില്‍ 203 ഇന്നിങ്‌സില്‍ നിന്നും 56.15 ശരാശരിയില്‍ 9995 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സ്മിത് ഈ ചരിത്ര നേട്ടത്തിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, നിലവില്‍ 44 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 155 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. അര്‍ധ സെഞ്ച്വറി നേടിയ അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്‌സ്റ്ററിന്റെ കരുത്തിലാണ് കങ്കാരുക്കള്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്.
95 പന്ത് നേരിട്ട് 52 റണ്‍സുമായാണ് വെബ്സ്റ്റര്‍ ക്രീസില്‍ തുടരുന്നത്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്താണ് വെബ്‌സ്റ്റര്‍ അന്താരാഷ്ട്ര റെഡ് ബോള്‍ ക്രിക്കറ്റിലെ തന്റെ കന്നി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 18 പന്തില്‍ ആറ് റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഒപ്പം ക്രീസിലുള്ളത്.
Content Highlight: Steve Smith fell five runs short of the historic milestone of 10,000 Test runs