ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 162 റണ്‍സ് വിജയലക്ഷ്യം. മത്സരത്തിന്റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കങ്കാരുക്കള്‍ 71ന് മൂന്ന് എന്ന നിലയിലാണ്. 91 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഓസ്‌ട്രേലിയക്ക് സിഡ്‌നി ടെസ്റ്റും പരമ്പരയും സ്വന്തമാക്കാം.
സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് ഇതിനോടകം തന്നെ നഷ്ടമായത്. കോണ്‍സ്റ്റസ് 17 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ലബുഷാന്‍ 20 പന്തില്‍ ആറ് റണ്‍സിനും സ്മിത് ഒമ്പത് പന്തില്‍ നാല് റണ്‍സിനും പുറത്തായി. പ്രസിദ്ധ് കൃഷ്ണയാണ് മൂന്ന് വിക്കറ്റും സ്വന്തക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് മാത്രം നേടി മടങ്ങിയതോടെ കരിയറിലെ ചരിത്ര നേട്ടത്തിനായുള്ള സ്മിത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന ചരിത്ര നേട്ടമാണ് സ്മിത്തിന് കണ്‍മുമ്പില്‍ നിന്നും നഷ്ടമായിരിക്കുന്നത്.
സിഡ്‌നി ടെസ്റ്റിന് മുമ്പ് 9,962 റണ്‍സായിരുന്നു സ്മിത്തിന്റെ പേരിലുണ്ടായിരുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ വെറും 38 റണ്‍സ് മാത്രം കണ്ടെത്തിയാല്‍ ഈ റെക്കോഡിലെത്താന്‍ സ്മിത്തിന് സാധിക്കുമായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 57 പന്തില്‍ 33 റണ്‍സാണ് മോഡേണ്‍ ഡേ ഗ്രേറ്റിന് നേടാന്‍ സാധിച്ചത്. നാല് ഫോറും ഒരു സിക്‌സറുമായി മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കി സ്മിത് മടങ്ങി.
ആദ്യ ഇന്നിങ്‌സില്‍ നേടാന്‍ സാധിക്കാതെ പോയത് രണ്ടാം ടെസ്റ്റില്‍ സ്മിത്തിന് നേടാന്‍ സാധിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചു. കാരണം ഈ നേട്ടത്തിലെത്താന്‍ വെറും അഞ്ച് റണ്‍സ് മാത്രമായിരുന്നു സ്മിത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം നാല് റണ്‍സിന് പുറത്തായി.
അന്താരാഷ്ട്ര റെഡ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടത്തിലെത്തുന്ന 15ാമത് താരം, റിക്കി പോണ്ടിങ്ങിനും അലന്‍ ബോര്‍ഡറിനും സ്റ്റീവ് വോയ്ക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത് ഓസീസ് താരം തുടങ്ങിയ നേട്ടങ്ങളുമാണ് വെറും ഒരു റണ്‍സകലെ സ്മിത്തിന് നഷ്ടമായിരിക്കുന്നത്.
അതേസമയം, സിഡ്‌നി ടെസ്റ്റ് അനായാസം വിജയിക്കാമെന്ന ആത്മവിശ്വാസമാണ് ഓസീസിനുള്ളത്. നിലവില്‍ 25 പന്തില്‍ 19 റണ്‍സുമായി ഹോം ടൗണ്‍ ഹീറോ ഉസ്മാന്‍ ഖവാജയും എട്ട് പന്തില്‍ അഞ്ച് റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
നേരത്തെ നാല് റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞു. റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി ഒഴിച്ചുനിര്‍ത്തിയാല്‍ എടുത്തുപറയാന്‍ മാത്രം ഒന്നും തന്നെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
141ന് ആറ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 16 റണ്‍സിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. സൂപ്പര്‍ താരം സ്‌കോട് ബോളണ്ട് ആറ് വിക്കറ്റുമായി ടെന്‍ഫര്‍ തികച്ചപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
Content Highlight: Steve Smith dismissed just one run away from joining the 10,000 runs club