2024 ടി-20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്താതില്‍ നിരാശനായിരുന്നുവെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയ്മറുമായ സ്റ്റീവ് സ്മിത്. ഓസീസിന് ബിഗ് ഹിറ്റേഴ്‌സിനെയാണ് ആവശ്യമുണ്ടായിരുന്നതെന്നും ടീമിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ടെന്നും സ്മിത് വ്യക്തമാക്കി.
കോഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സ്മിത് ഇക്കാര്യം പറഞ്ഞത്.
‘അന്താരാഷ്ട്ര ടി-20യെ കുറിച്ചൊന്നും എനിക്ക് അറിയില്ല, അക്കാര്യങ്ങള്‍ സെലക്ടര്‍മാരോട് തന്നെ ചോദിക്കണം. ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പോയതില്‍ ഏറെ നിരാശരായിരുന്നു. പക്ഷേ ഇങ്ങനെയാണ് കാര്യങ്ങള്‍ മുമ്പോട്ട് പോവുക. അവര്‍ക്ക് ബിഗ് ഹിറ്റേഴ്‌സായ ബാറ്റര്‍മാരെയായിരുന്നു വേണ്ടിയിരുന്നത്,’ സ്മിത് പറഞ്ഞു.
ഓസ്‌ട്രേലിയ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ടി-20 ലോകകപ്പ് നേടിയ 2021ല്‍ സ്മിത്തും കങ്കാരുപ്പടയുടെ ഭാഗമായിരുന്നു. ടീമിനായി ബാറ്റെടുത്ത നാല് മത്സരത്തില്‍ നിന്നും 95.56 സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സാണ് താരം നേടിയത്. സൗത്ത് ആഫ്രിക്കക്കെതിരെ 34 പന്തില്‍ നേടിയ 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
2021 ലോകകപ്പിന് ശേഷം നാല് അന്താരാഷ്ട്ര ടി-20യില്‍ മാത്രമാണ് സ്മിത് കളിച്ചത്. ബി.ബി.എല്ലിലടക്കം സജീവമാകുമ്പോഴും താരം അന്താരാഷ്ട്ര ടീമില്‍ നിന്നും പുറത്ത് തന്നെയായിരുന്നു.
അതേസമയം, 2024 ലോകകപ്പില്‍ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്തായിരുന്നു.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ട്, സ്‌കോട്‌ലാന്‍ഡ്, നമീബിയ, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലായിരുന്നു കങ്കാരുപ്പട സ്ഥാനം പിടിച്ചത്. കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് മിച്ചല്‍ മാര്‍ഷും സംഘവും സൂപ്പര്‍ എട്ടിന് യോഗ്യത നേടിയത്.
സൂപ്പര്‍ എട്ടില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെട്ട ഗ്രൂപ്പ് ഒന്നിലായിരുന്നു ഓസ്‌ട്രേലിയയുടെ സ്ഥാനം. കടലാസിലെ കണക്കനസരിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും സെമി ഫൈനലിലേക്ക് കുതിക്കുമെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും കരുതിയത്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ എന്ന കടമ്പയില്‍ കങ്കാരുക്കള്‍ കാലിടറി വീഴുകയായിരുന്നു.
റാഷിദ് ഖാനും സംഘത്തിനും മുമ്പില്‍ പരാജയപ്പെട്ടതോടെ ടീമിന്റെ സെമി മോഹങ്ങളും അവസാനിച്ചു. സൂപ്പര്‍ എട്ടില്‍ ഒറ്റ മത്സരം മാത്രമാണ് ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ സാധിച്ചത്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാനും സെമിയില്‍ പ്രവേശിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ പുറത്താവുകയായിരുന്നു.
Content highlight: Steve Smith disappointed to miss out on T20 World Cup 2024 squad