'കരഞ്ഞാണ് ആ ദിവസങ്ങള്‍ ഞാന്‍ തള്ളി നീക്കിയത്; പന്ത് ചുരണ്ടല്‍ വിവാദം മാനസികമായി തളര്‍ത്തി': വിവാദത്തെക്കുറിച്ച് വീണ്ടും സ്മിത്ത്
ball tampering
'കരഞ്ഞാണ് ആ ദിവസങ്ങള്‍ ഞാന്‍ തള്ളി നീക്കിയത്; പന്ത് ചുരണ്ടല്‍ വിവാദം മാനസികമായി തളര്‍ത്തി': വിവാദത്തെക്കുറിച്ച് വീണ്ടും സ്മിത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th June 2018, 11:16 am

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ രാജി വച്ചൊഴിയേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് സ്മിത്ത് രാജിവച്ചത്.

സംഭവത്തിനുശേഷം അതേപ്പറ്റിയുള്ള തന്റെ മാനസിക നില പങ്കുവെച്ച് സ്മിത്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. സിഡ്‌നിയിലെ നോക്‌സ് ഗ്രാമര്‍ സ്‌കൂള്‍ പരിപാടിക്കിടെയാണ് വിവാദങ്ങള്‍ തനിക്കുണ്ടാക്കിയ മാനസിക സമ്മര്‍ദ്ദത്തെപ്പറ്റി അദ്ദേഹം പറഞ്ഞത്.


ALSO READ: ‘അവരെ ക്രിമിനലുകളായി മുദ്രകുത്തരുത്’; സ്മിത്തിനും വാര്‍ണര്‍ക്കും പിന്തുണയുമായി ഗ്ലെന്‍ മാക്‌സ് വെല്‍


വിവാദങ്ങള്‍ തന്നെ വല്ലാതെ വേട്ടയാടി. അതിനുശേഷം കരഞ്ഞാണ് താന്‍ ദിവസങ്ങള്‍ തള്ളി നീക്കിയത്. വല്ലാത്ത സംഘര്‍ഷാവസ്ഥയാണ് ഈ വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും സ്മിത്ത് പറഞ്ഞു.

തന്റെ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കളും ബന്ധുക്കളുടെയും സാമിപ്യമാണ് തനിക്ക് ആ അവസരത്തില്‍ താങ്ങായത്. ആ സമയത്ത് തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കിയ സംഭവം. പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതിനായി ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് സംഭവം പുറത്തായത്. ഇതിനുപിന്നാലെയാണ് സംഭവം നേരത്തെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി നായകന്‍ സ്മിത്ത് രംഗത്തെത്തിയത്.


ALSO READ: ‘ക്രിക്കറ്റില്ലെങ്കിലും അവന്‍ ജീവിക്കും’; സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ ഉപേക്ഷിച്ച് പിതാവ്, വീഡിയോ


വിഷയത്തില്‍ സര്‍ക്കാരും രാജ്യത്തെ കായിക മന്ത്രാലയവും ക്രിക്കറ്റ് ഓസ്ട്രേലിയയും കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സ്മിത്തിന് രാജിവെക്കേണ്ടി വന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കുകയും ബാന്‍ക്രോഫ്ടിനു ഒമ്പത് മാസത്തെ വിലക്കും സമിതി പ്രഖ്യാപിക്കുകയായിരുന്നു.