| Wednesday, 25th September 2024, 9:12 am

ഓസീസ് കൊടുങ്കാറ്റിൽ തകർന്നത് സച്ചിന്റെ റെക്കോഡ്; ചരിത്രനേട്ടത്തിൽ സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ അഞ്ച് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 46 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. റിവര്‍സൈഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 37.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മഴ വില്ലനായി എത്തുകയായിരുന്നു. ഒടുവില്‍ മത്സരം 46 റണ്‍സിന് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി അലക്‌സ് കാരിയും സ്റ്റീവ് സ്മിത്തും അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. കാരി 65 പന്തില്‍ പുറത്താവാതെ 77 റണ്‍സ് നേടിയാണ് തിളങ്ങിയത്. ഏഴു ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. മറുഭാഗത്ത് 82 പന്തില്‍ 60 റണ്‍സ് നേടിയാണ് സ്മിത്ത് നിര്‍ണായകമായത്. അഞ്ച് ഫോറുകളാണ് താരം അടിച്ചെടുത്തത്.

ഈ ഫിഫ്റ്റി നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സ്മിത്ത് സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടത്തിലേക്കാണ് സ്മിത്ത് നടന്നു കയറിയത്. ഇതിനോടകം തന്നെ 33 തവണയാണ് സ്മിത്ത് ഇംഗ്ലണ്ടിനെതിരെ 50+ റണ്‍സ് നേടിയത്.

ഇതോടെ ഇത്രതന്നെ തവണ ഇംഗ്ലണ്ടിനെതിരെ 50+ റണ്‍സ് നേടിയ ശ്രീലങ്കന്‍ ഇതിഹാസം മഹേള ജയവര്‍ധനയുടെ റെക്കോഡിനൊപ്പമെത്താനും ഓസ്‌ട്രേലിയന്‍ താരത്തിന് സാധിച്ചു. 32 തവണ ഇംഗ്ലണ്ടിനെതിരെ 50+ റണ്‍സ് നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നുകൊണ്ടായിരുന്നു സ്മിത്തിന്റെ മുന്നേറ്റം.

ഇതിഹാസതാരങ്ങളായ അലന്‍ ബോര്‍ഡറും വിവിയന്‍ റിച്ചാര്‍ഡ്‌സുമാണ് ഈ നേട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്. അലന്‍ 38 തവണ 50+ റണ്‍സ് നേടിയപ്പോള്‍ വിവിയന്‍ 37 തവണയും ഇംഗ്ലണ്ടിനെതിരെ 50 കടന്നു.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും ജേക്കബ് ബെദേല്‍, വില്‍ ജാക്‌സ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 94 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിക്കൊണ്ടായിരുന്നു ബ്രൂക്കിന്റെ തകര്‍പ്പന്‍ പ്രകടനം. 13 ഫോറുകളും രണ്ട് സിക്‌സുകളുമാണ് ബ്രുക്ക് അടിച്ചെടുത്തത്. 82 പന്തില്‍ 84 റണ്‍സ് നേടിയ വില്‍ ജാക്‌സും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഒമ്പത് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇംഗ്ലണ്ടിന് സാധിച്ചു. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്. ലോര്‍ഡ്‌സാണ് വേദി.

Content Highlight: Steve Smith Break Sachin Tendulker Record Against England

We use cookies to give you the best possible experience. Learn more