| Wednesday, 6th November 2024, 8:16 am

2025 ഐ.പി.എല്ലില്‍ തിളങ്ങാന്‍ വെടിക്കെട്ട് വീരന്‍ തിരിച്ചെത്തുന്നു; രണ്ട് കോടി ബേസ് പ്രൈസില്‍ ഒമ്പത് ഓവര്‍സീസ് താരങ്ങളും!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരുന്നു. അതോടൊപ്പം തന്നെ ചില താരങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയതായും കാണം. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഇടിവെട്ട് ബാറ്റര്‍ സ്റ്റീവ് സ്മിത്തും 2025 ഐ.പി.എല്ലിന് മുന്നോടിയായി രണ്ട് കോടി അടിസ്ഥാന വിലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഐ.പി.എല്ലില്‍ സ്മിത്തിന്റെ പ്രകടനം

2021ലാണ് സ്മിത് അവസാനമായി ഐ.പി.എല്ലിന്റെ ഭാഗമായത്. ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. 25.33 ശരാശരിയില്‍ 112.59 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സായിരുന്നു താരം നേടിയത്.

2012ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം നടത്തിയ സ്മിത് ഇതുവരെ 103 മത്സരങ്ങളില്‍ നിന്ന് 2485 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 101* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കി. 34.51 എന്ന ആവറേജും 128.9 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഐ.പി.എല്ലില്‍ താരത്തിനുള്ളത്.

എന്നാല്‍ അന്നത്തെ മോശം പ്രകടനം കാരണം പിന്നീടുള്ള രണ്ട് ലേലത്തിലും താരത്തെ ഒരു ടീമും എടുത്തില്ലായിരുന്നു. കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലില്‍ കമന്റേറ്ററായി ജോലി ചെയ്ത സ്മിത് തിരിച്ച് വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

മേജര്‍ ലീഗിലെ വെടിക്കെട്ട്‌

എന്നാല്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം.എല്‍.സിക്ക് വേണ്ടി മികച്ച പ്രകടനമാണ് സ്മിത് കാഴ്ചവെച്ചത്. ലീഗില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരെ ഫൈനലില്‍ വിജയിച്ച് ആദ്യ കിരീടം സ്വന്തമാക്കാനും സ്മിത്തിന് സാധിച്ചിരുന്നു. നിര്‍ണായക ഫൈനലില്‍ 52 പന്തില്‍ നിന്ന് 88 റണ്‍സാണ് സ്മിത് അടിച്ചെടുത്തത്.

പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരത്തിനായിരുന്നു. ഇനി ഐ.പി.എല്ലിലും തകര്‍ത്തടിക്കാന്‍ തന്നെയാണ് താരം ലക്ഷ്യമിടുന്നത്. മങ്ങിയ പ്രതാപം വീണ്ടെടുക്കാന്‍ സ്മിത് മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

മാത്രമല്ല സ്മിത് അടക്കം ഒമ്പത് ഓവര്‍സീസ് താരങ്ങള്‍ക്കും രണ്ട് കോടി അടിസ്ഥാന വിലയുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോണി ബെയര്‍ഡസ്‌റ്റോ, കഗീസോ റബാദ, മാര്‍ക്ക് വുഡ്, ആര്‍ച്ചര്‍, ഗസ് ആറ്റ്കിങ്‌സണ്‍ എന്നിവരാണ് ഓവര്‍ സീസ് താരങ്ങള്‍. ലോകമെമ്പാടുമുള്ള ആരാധകര്‍ ഇനി കാത്തിരിക്കുന്നത് 2025 ഐ.പി.എല്‍ മെഗാലേലമാണ്.

Content Highlight: Steve Smith Back To IPL 2025

We use cookies to give you the best possible experience. Learn more