| Wednesday, 24th January 2024, 3:54 pm

കൊച്ചിക്കായി കളിച്ച ഓസീസ് താരം കളി നിര്‍ത്തുന്നു; പ്രൊഫഷണല്‍ കരിയറിലെ അവസാന ഓവറില്‍ വിക്കറ്റും

സ്പോര്‍ട്സ് ഡെസ്‌ക്

ബിഗ് ബാഷ് ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ പ്രൊഫഷണല്‍ ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങി ഓസ്‌ട്രേലിയന്‍ വെറ്ററന്‍ സൂപ്പര്‍ താരം സ്റ്റീവ് ഒക്കിഫീ. ബി.ബി.എല്‍ 2024 ഫൈനലില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരെയാണ് സിഡ്‌നി സിക്‌സേഴ്‌സ് ഓള്‍ റൗണ്ടര്‍ ഒക്കിഫീ അവസാനമായി പന്തെടുത്തത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 26 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് താരം സ്വന്തമാക്കിയത്. പ്രൊഫഷണല്‍ കരിയറിലെ അവസാന ഓവറിലാണ് ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍ വിക്കറ്റ് കണ്ടെത്തിയത്. 13ാം ഓവറിലെ രണ്ടാം പന്തിലാണ് ഒക്കിഫീ വിക്കറ്റ് നേടുന്നത്. ആ വിക്കറ്റാകട്ടെ ബ്രിസ്‌ബെയ്‌നിന് ഫൈനല്‍ ടിക്കറ്റുറപ്പിച്ച ജോഷ് ബ്രൗണിന്റെയും.

സെമി ഫൈനല്‍ മത്സരത്തില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ 57 പന്തില്‍ 140 റണ്‍സ് നേടിയ ബ്രൗണിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ഈ 39 കാരന്‍ കരിയറിലെ അവസാന മത്സരം ആഘോഷമാക്കിയത്. 38 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറും അടക്കം 53 റണ്‍സാണ് ബ്രൗണ്‍ നേടിയത്.

കരിയറില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി ഒമ്പത് ടെസ്റ്റിലും ഏഴ് ടി-20യിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര റെഡ് ബോള്‍ കരിയറില്‍ 35 വിക്കറ്റ് നേടിയ താരം ടി-20യില്‍ ആറ് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് കരിയറില്‍ 88 മത്സരത്തില്‍ നിന്നും 301 വിക്കറ്റാണ് ഒക്കിഫീയുടെ പേരിലുള്ളത്. 24.66 എന്ന ശരാശരിയിലും 58.6 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിഞ്ഞ താരത്തിന്റെ ഒരു ഇന്നിങ്‌സിലെ മികച്ച ബൗളിങ് പ്രകടനം 77 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് നേടിയതാണ്. കരിയറില്‍ 13 ഫൈഫര്‍ സ്വന്തമാക്കിയ ഒക്കീഫി, 15 ഫോര്‍ഫറും നാല് ടെന്‍ഫറും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് കരിയറില്‍ 12 അര്‍ധ സെഞ്ച്വറിയടക്കം 2,356 റണ്‍സും താരം നേടിയിട്ടുണ്ട്.

ടി-20യില്‍ 121 മത്സരത്തില്‍ 118 വിക്കറ്റാണ് താരം നേടിയത്. പത്ത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച ടി-20 പ്രകടനം. ടി-20യിലെ 55 ഇന്നിങ്‌സില്‍ നിന്ന് 543 റണ്‍സും ഒക്കീഫി നേടിയിട്ടുണ്ട്.

ആഭ്യന്തര തലത്തില്‍ ന്യൂ സൗത്ത് വെയ്‌സല്‍സിന് വേണ്ടി കളത്തിലിറങ്ങിയ താരം എ.പി.എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് വേണ്ടിയും പന്തെറിഞ്ഞിട്ടുണ്ട്.

അതേസമയം, ബി.ബി.എല്‍ ഫൈനലില്‍ ജോഷ് ബൗണിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ് നിശ്ചിത ഓവറില്‍ എട്ട് വുിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. ബൗണിന് പുറമെ 22 പന്തില്‍ 40 റണ്‍സ് നേടിയ മാറ്റ് റെന്‍ഷോയും 32 പന്തില്‍ 33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനിയും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

സ്‌ട്രൈക്കേഴ്‌സിനായി ഷോണ്‍ അബോട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒക്കിഫീക്ക് പുറമെ ബെന്‍ ഡ്വാര്‍ഷിയസും ഒരു വിക്കറ്റ് നേടി.

Content highlight: Steve O’Keefe picks wicket in last match in professional career

We use cookies to give you the best possible experience. Learn more