മെസിയും നെയ്മറും എംബാപ്പെയുമുണ്ടായിട്ട് കാര്യമില്ല; പി.എസ്.ജി പൊട്ടിപാളീസാകും; ലിവർപൂൾ ഇതിഹാസം
football news
മെസിയും നെയ്മറും എംബാപ്പെയുമുണ്ടായിട്ട് കാര്യമില്ല; പി.എസ്.ജി പൊട്ടിപാളീസാകും; ലിവർപൂൾ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th February 2023, 11:17 pm

ഫെബ്രുവരി 15ന് ജർമൻ വമ്പന്മാരും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ക്ലബ്ബുകളിലൊന്നുമായ ബയേൺ മ്യൂണിക്കിനെതിരെയാണ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരം.

പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെ പ്രിൻസസിൽ വെച്ച് നടക്കുന്ന ആദ്യ പാദ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ പിന്നീട് ബയേണിന്റെ ഹോം ഗ്രൗണ്ടിൽ കളിക്കേണ്ട പി.എസ്.ജിക്ക് അത് വലിയ മുൻതൂക്കം നൽകും.

എന്നാൽ മത്സരത്തിൽ പി.എസ്.ജി പരാജയപ്പെടുമെന്നും ഇത്തവണയും ക്ലബ്ബിന് തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ലിവർപൂൾ താരവും ഫുട്ബോൾ വിദഗ്ധനുമായ സ്കോട്ടിഷ് ഫുട്ബോളർ സ്റ്റീവ് നിക്കോൾ.

ഇ.എസ്.പി.എനിന് നൽകിയ അഭിമുഖത്തിലാണ് നിക്കോൾ മത്സരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.


“ഞാൻ ഈ മത്സരത്തിൽ ബെറ്റ് വെക്കുകയാണെങ്കിൽ തീർച്ചയായും അത് പി.എസ്.ജിക്കെതിരെയായിരിക്കും.കാരണം ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ മത്സരങ്ങളിൽ വലിയ താരങ്ങൾ പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുന്നത് പി.എസ്.ജിക്ക് ഗുണം ചെയ്യില്ല,’ നിക്കോൾ പറഞ്ഞു.

“സാധാരണ നെയ്മറാണ് പരിക്കിന്റെ പിടിയിൽ അകപ്പെടാറുള്ളത്. പക്ഷെ ഇപ്പോഴത് മെസിയും എംബാപ്പെയുമാണ്. മെസിയും എംബാപ്പെയുമില്ലാത്ത സ്‌ക്വാഡിന് എങ്ങനെയാണ് ബയേണിനെ തോൽപ്പിക്കാൻ സാധിക്കുന്നത്. പി.എസ്.ജിയിലെ എല്ലാ താരങ്ങളിലും എനിക്ക് വലിയ വിശ്വാസം പോരാ.

അത്കൊണ്ട് തന്നെ എല്ലാ ബഹുമാനത്തോടും കൂടി തന്നെ ഞാൻ പറയുകയാണ്. ബയേണിനെ പി.എസ്.ജിക്ക് തോൽപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല,’ സ്റ്റീവ് നിക്കോൾ കൂട്ടിച്ചേർത്തു.

നെയ്മറും മെസിയും പി.എസ്.ജി നിരയിൽ പരിക്കിന്റെ പിടിയിലാണ്. എന്നാൽ ബയേണിനെതിരെയുള്ള മത്സരത്തിൽ മെസി ട്രെയിനിങിനിറങ്ങുമെന്നും മെസി ചിലപ്പോൾ മത്സരിച്ചേക്കുമെന്നും പി.എസ്.ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ അഭിപ്രായപ്പെട്ടു.

എന്നാൽ മൂന്നാഴ്ച്ച വിശ്രമം അനുവദിക്കപ്പെട്ടിരിക്കുന്ന എംബാപ്പെ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദത്തിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

അതേസമയം ഫെബ്രുവരി 11ന് മൊണോക്കോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. മത്സരത്തിൽ വിജയിക്കാനായാൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് ലീഡ് നില വർധിപ്പിക്കാൻ സാധിക്കും.

Content Highlights: Steve Nicol said Bayern Munich to win UEFA Champions League match against PSG