ലണ്ടന്‍: കേരളത്തിന്റെ സ്വന്തം ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സീസണിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ തവണ അവസാന നിമിഷം കൈവിട്ട കിരീടം തിരിച്ച് പിടിക്കുന്നതിനായ് ടീമിനെയും പരിശീലക സംഘത്തെയും നേരത്തേ ഒരുക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റ്.
കഴിഞ്ഞ തവണ ടീമിനെ ഫൈനല്‍ വരെയെത്തിച്ച സ്റ്റീവ് കൊപ്പലെന്ന മലയാളികളുടെ “കൊപ്പലാശാനെ” വീണ്ടും പരിശീലക സ്ഥാനത്ത് എത്തിക്കുന്നതിനായ് മാനേജ്‌മെന്റ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരേനിയാണ് ലണ്ടനില്‍ കൊപ്പലുമായ് കൂടിക്കാഴ്ച നടത്തിയത്.
അവസാന സീസണില്‍ കൊപ്പലിനെ ടീമിലെത്തിച്ച സ്‌പോര്‍ട് ഏജന്റ് ബല്‍ജിത്ത് രിഹാലിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഇത്തവണത്തെയും കൂടിക്കാഴ്ച. മാനേജുമെന്റും കൊപ്പലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ബല്‍ജിത് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ഇത്തവണയും കൊപ്പല്‍ കേരളത്തിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം സെലക്ഷനിലും മറ്റും പൂര്‍ണ്ണ സ്വാതന്ത്രം കൊപ്പല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലകന് ആവശ്യമായ താരങ്ങളെയും സൗകര്യങ്ങളും ഒരുക്കുകയാണെങ്കില്‍ മികച്ച നിര തന്നെയാകും ഇത്തവണ കേരളത്തിനായ് കളത്തിലിറങ്ങുക.
സന്തോഷ് ട്രോഫി താരങ്ങളെയുള്‍പ്പെടെ യുവ നിരയെ ടീം ലക്ഷ്യമിട്ടിട്ടുണ്ട്. ടൂര്‍ണ്ണമെന്റിന്റെ സമയക്രമത്തിലടക്കം വന്‍മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള സീസണില്‍ കൊപ്പലിന്റെ സാന്നിധ്യം കേരള ടീമിനും കളിയാസ്വാദകര്‍ക്കും പുത്തനുണര്‍വാകും എന്ന കാര്യത്തില്‍ സംശയമില്ല.