[]ലോസ് ആള്‍ട്ടോസ്, കാലിഫോര്‍ണിയ: ആപ്പിളിന്റെ സ്ഥാപകരില്‍ ഒരാളായ സ്റ്റീവ് ജോബ്‌സ് വളര്‍ന്ന വീട് ഇനിമുതല്‍ നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകും. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ ആദ്യകാലത്തെ ചില കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചത്.
ലോസ് ആള്‍ട്ടോസ് നഗരത്തിലെ ഹിസ്‌റ്റോറിക്കല്‍ കമ്മീഷന്‍ ഐകകണ്‌ഠ്യേനയാണ് ഈ തീരുമാനമെടുത്തത്. ഈ ഇടത്തരം ഭവനത്തില്‍ ഇനി എന്ത് മാറ്റങ്ങള്‍ വരുത്തണമെങ്കിലും പലതവണ ആലോചിച്ച് അനുമതി വാങ്ങിയിരിക്കണം.
1968-ല്‍ ആണ് ജോബ്‌സും അദ്ദേഹത്തിന്റെ വളര്‍ത്തുമാതാപിതാക്കളും ഈ വീട്ടില്‍ താമസമാരംഭിക്കുന്നത്. നിലവില്‍ ഇത് ജോബ്‌സിന്റെ സഹോദരി പെട്രീഷ്യ ജോബ്‌സിന്റെ ഉടമസ്ഥതയിലാണ്.
വീടിനെ ചരിത്രസ്മാരകമാക്കുന്നതില്‍ കമ്മീഷന് അവരുടെ അനുമതിയൊന്നും ആവശ്യമില്ല. എന്നിരുന്നാലും അവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
ഈ വസ്തുവിനെകുറിച്ചുള്ള വിലയിരുത്തലില്‍ പെട്രീഷ്യ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി മുതിര്‍ന്ന പ്ലാനറായ സക്കാരി ഡാല്‍ പറയുന്നു. എന്നാല്‍ പിന്നീട് ഈ മാറ്റങ്ങള്‍ അവരെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
“അതുകൊണ്ട് ഇത് സമ്മതമായി ഞാന്‍ കരുതുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിരവധി തവണ ഞാന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ച് കഴിഞ്ഞു.” ഡാല്‍ വ്യക്തമാക്കുന്നു.
സഹോദരിയുടെയും ആപ്പിള്‍ സ്ഥാപകരിലൊരാളായ സ്റ്റീവ് വോസ്‌നിയാകിന്റെയും സഹായത്തോടെ ആദ്യത്തെ നൂറ് ആപ്പിള്‍ I കമ്പ്യൂട്ടറുകള്‍ സ്റ്റീവ് ജോബ്‌സ് നിര്‍മിച്ചത് ഈ വീട്ടില്‍ വെച്ചാണ്. ഇതില്‍ അന്‍പതെണ്ണം മൗണ്ടന്‍ വ്യൂ ഷോപ്പില്‍ വിറ്റു. ഒരെണ്ണത്തിന് അഞ്ഞൂറ് ഡോളറായിരുന്നു വില.
1976-ല്‍ ആപ്പിളിന്റെ ആദ്യനിക്ഷേപകരുമായി ചര്‍ച്ച നടത്തിയതും ആദ്യ പങ്കാളിത്ത കച്ചവടം ഉറപ്പിച്ചതും ഈ വീട്ടിലാണ്. പിന്നീടാണ് സമീപത്തുള്ള കുപ്പര്‍ത്തീനോയിലേയ്ക്ക് കമ്പനി മാറിയത്.
“സിലിക്കോണ്‍ വാലിയെ സംബന്ധിച്ചിടത്തോളം ഇത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു.” മൗണ്ടന്‍ വ്യൂവിലെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സീനിയര്‍ ക്യൂറേറ്ററായ ഡാഗ് സ്‌പൈസര്‍ പറയുന്നു. “കാര്യങ്ങള്‍ മനസിലാക്കുന്നതിനും അവിടെ തന്നെ പിടിച്ച് നിര്‍ത്തുന്നതിനും ആളുകള്‍ക്ക് എന്തെങ്കിലും തെളിവുകള്‍ ആവശ്യമാണ്.”