Sports News
ലോകത്തിലെ ഏറ്റവും മികച്ചവന്‍, ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിരാടുമല്ല രോഹിത്തുമല്ല, സൂപ്പര്‍ താരത്തെ കുറിച്ച് ഹാര്‍മിസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 11, 12:51 pm
Tuesday, 11th February 2025, 6:21 pm

ഇന്ത്യന്‍ ഫൈവ് സ്റ്റാര്‍ റേറ്റഡ് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ബുംറയെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ച ഹാര്‍മിസണ്‍, ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ബുംറയെന്നും അഭിപ്രായപ്പെട്ടു.

താരത്തിന്റെ പരിക്കിനെ കുറിച്ചും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകളെ കുറിച്ചും ഹാര്‍മിസണ്‍ സംസാരിച്ചു. ബുംറയില്ലാത്ത ചാമ്പ്യന്‍സ് ട്രോഫി പ്രൈം റൊണാള്‍ഡോ ഇല്ലാത്ത ഫിഫ ലോകകപ്പ് പോലെ ആകുമെന്നും ഇംഗ്ലീഷ് പേസര്‍ പറഞ്ഞു.

സ്റ്റീവ് ഹാര്‍മിസണ്‍

ടോക്‌സ്‌പോര്‍ട്ട് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് ജസ്പ്രീത് ബുംറയാണ്. എന്നെ സംബന്ധിച്ച്, ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനാകാന്‍ ആര്‍ക്കും തന്നെ എല്ലായ്‌പ്പോഴും സാധിക്കില്ല. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ഒരു ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ഇതായിരിക്കും എന്റെ നിലപാട്.

നിങ്ങളുടെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഫുട്‌ബോള്‍ ലോകകപ്പിന് പോകുന്നതുപോലെയാണ് ബുംറയില്ലാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുംറയില്ലാതെ ഇറങ്ങേണ്ടി വരുന്നത്.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാറ്റിയേ തീരൂ എന്ന അവസ്ഥ വരാതെ അവനെ റീപ്ലേസ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ഇന്ത്യയെ സംബന്ധിച്ച് ബുംറ അങ്ങനെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഹാര്‍മിസണ്‍ പറഞ്ഞു.

‘ഇതൊരു 14 താരങ്ങളുടെ സ്‌ക്വാഡാണ്. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇന്ത്യയെ സംബന്ധിച്ച് അത് മതിയാകും. സെമി ഫൈനല്‍ ആകുമ്പോഴേക്കും അവനെ തിരിച്ചുകൊണ്ടുവരാനാകും. അവര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കില്‍, വീണ്ടും പരിക്കേറ്റാല്‍ അവനെ റീപ്ലേസ് ചെയ്യാം,’ ഹാര്‍മിസണ്‍ കൂട്ടിച്ചേര്‍ത്തു.

ബുംറയുടെ പരിക്കാണ് സൂപ്പര്‍ താരങ്ങളുടെ മോശം ഫോമിനേക്കാള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരം ഇനിയും പന്തെറിഞ്ഞ് തുടങ്ങിയിട്ടില്ല. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ബുംറയെ പിന്നോട്ട് വലിച്ചതും ഈ പരിക്ക് തന്നെയാണ്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഫൈനല്‍ ലിസ്റ്റ് സമര്‍പ്പിക്കേണ്ട ഫെബ്രുവരി 12ന് മുമ്പ് ബുംറ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (നിലവില്‍)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

 

Content highlight: Steve Harmison compares Jasprit Bumrah with Cristiano Ronaldo