| Tuesday, 16th January 2018, 11:40 am

'ഹ്യൂം അപകടകരിയായി മാറിക്കഴിഞ്ഞു'; ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ ഒരുങ്ങുന്ന ജംഷഡ്പൂര്‍ താരങ്ങള്‍ക്ക് കോപ്പലാശാന്‍ നല്‍കിയ ഒരേയൊരു 'ഉപദേശം'

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ച സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്.സിയെ നേരിടാന്‍ ഒരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. നാളെയാണ് നിര്‍ണ്ണായകമായ മത്സരം. ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവോടെ അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സിനെയാണ് കോപ്പാലാശാനും പിള്ളേരും നേരിടേണ്ടത്.

തുടര്‍ വിജയങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കിയെന്നും ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവ് ടീമില്‍ മാറ്റങ്ങളുണ്ടാക്കിയെന്നുമാണ് കോപ്പലാശാന്‍ പറയുന്നത്. ” തുടര്‍ വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസമാകും അവരുടെ കരുത്ത്. ഡേവിഡ് ജെയിംസ് എത്തിയതോടെ ടീമില്‍ മാറ്റങ്ങളുണ്ടായി. അന്നും ഇന്നും അധ്വാനിയായ ഇയാന്‍ ഹ്യൂം അപകടകരിയായി മാറിക്കഴിഞ്ഞു. അവരുമായി നോക്കുമ്പോള്‍ ഞങ്ങള്‍ പിന്നിലാണ്.” കോപ്പല്‍ പറയുന്നു.

നാളെ ബ്ലാസ്റ്റേഴ്‌സിനെ പിടിച്ചു കെട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അമിതമായി പ്രതിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “നന്നായി കളിക്കുക, വിജയിക്കുക, താരങ്ങളോട് ഞാന്‍ പറഞ്ഞിട്ടുള്ളത് അതാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബ്ലാസ്റ്റേഴിസിനെതിരായ ആദ്യ മത്സരത്തിനായി കൊച്ചിയിലെത്തിയപ്പോള്‍ കോപ്പാലാശാന് ഗംഭീര വരവേല്‍പ്പ് നല്‍കിയാണ് മഞ്ഞപ്പട സ്വീകരിച്ചത്. അതേസമയം, പോയന്റ് ടേബിളില്‍ ജംഷഡ്പൂര്‍ പിന്നിലാണ്. എന്നാല്‍ രണ്ടാം ലാപ്പില്‍ കൂടുതല്‍ വിജയങ്ങളിലൂടെ മുന്നിലെത്താമെന്നാണ് ആശാന്റെ പ്രതീക്ഷ.

ഇനിയും കോമ്പിനേഷനുകള്‍ ശരിയാകാനുണ്ടെന്നും പുതിയ താരങ്ങളെയടക്കം ടീമിലെടുക്കാന്‍ സാധ്യതയുള്ളതായും കോപ്പലാശാന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more