| Saturday, 22nd December 2018, 7:15 pm

തൂത്തുക്കുടി കൂട്ടക്കൊല; പൊലീസ് വെടിവെച്ചത് പ്രതിഷേധക്കാരുടെ തലയ്ക്കും നെഞ്ചിനും; പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടത് പുറകില്‍ നിന്നുള്ള വെടിയേറ്റ്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ 12 ആളുകള്‍ കൊല്ലപ്പെട്ടത് നെഞ്ചിനും തലയ്ക്കുമേറ്റ വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പകുതി പേരെ പൊലീസ് പുറകില്‍ നിന്നാണ് വെടിവെച്ചിട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് വരെ പുറത്തു വരാത്ത വിവരങ്ങളാണിത്.

സര്‍ക്കാര്‍ ആശുപത്രികളിലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് റോയിട്ടേഴ്‌സാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.

കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായ പതിനേഴുകാരന്‍ ജെ സ്‌നോളിന്റെ തലയ്ക്ക് പുറകിലൂടെ കയറിയ ബുള്ളറ്റ് വായയിലൂടെ പുറത്തു വന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സ്‌നോളിന്റെ കുടുംബത്തെ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും മകന്റെ പോസ്റ്റ്‌മോര്‍ട്ടം വാങ്ങിയിട്ടില്ലെന്ന് കുടുംബം പറയുന്നു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്ക് ഉപയോഗിക്കാമെന്ന് രാജ്യത്തെ പൊലീസ് നിയമം പറയുന്നുണ്ടെങ്കിലും കൊല്ലാന്‍ വേണ്ടി വെടിവെയ്ക്കരുതെന്ന് പറയുന്നുണ്ട്. ഏറ്റവും അപകടകാരികളായ ജനക്കൂട്ടത്തിനെതിരെ പോലും അരയ്ക്ക് താഴെ മാത്രമേ വെടിവെക്കാവൂ എന്ന് തമിഴ്‌നാട് പൊലീസ് നിയമവും പറയുന്നുണ്ട്.

13 പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടി വെടിവെയ്പ് ഇപ്പോള്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. കേസില്‍ ഇതുവരെ ഒരു ഉദ്യോഗസ്ഥന്‍ പോലും ശിക്ഷിക്കപ്പെടുകയോ പ്രതി ചേര്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല.

അതേസമയം പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളോട് തമിഴ്‌നാട് പൊലീസോ സി.ബി.ഐയോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more