തൂത്തുകുടി: സ്റ്റെർലൈറ്റ് കോപ്പർ പ്ളാന്റിനെതിരെ തമിഴ്നാട്ടിലെ തൂത്തുകുടിയിൽ നടന്ന സമരത്തിൽ സംഘർഷം. പോലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച്പേർ മരിക്കുകയും, 20 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. കോപ്പർ പ്ളാന്റിനെതിരെ ജില്ലാ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാർ. സമരത്തിന്റെ നൂറാം ദിവസമാണ‍് വെടിവെപ്പ്.
പ്രദേശത്ത് ജില്ലാ കലക്ടർ എൻ.വെങ്കിടേഷ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് വകവെയ്ക്കാതെ സമരക്കാർ കളക്ട്രേറ്റിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. നൂറോളം വരുന്ന സമരക്കാരെ നേരിടാൻ നാലായിരത്തോളം വരുന്ന വലിയ പോലീസ് സംഘമാണ‍് തൂത്തുകുടിയിൽ ഉണ്ടായിരുന്നത്. ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് ചികിത്സക്കായി നീക്കിയിട്ടുണ്ട്.
പോലീസ് നടപടിയിൽ കോപാകുലരായ സമരക്കാർ രണ്ട് പോലീസ് ജീപ്പുകൾ കത്തിച്ചതായും, പത്തോളം വാഹനങ്ങൾ നശിപ്പിച്ചതായും ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.