| Tuesday, 18th August 2020, 12:19 pm

തൂത്തുക്കൂടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കരുത്; തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. പ്ലാന്റ് പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതിയുടെ ഈ നടപടി.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത വേദാന്തയുടെ അപ്പീലാണ് കോടതി തള്ളിയത്. നിലവിലെ സ്ഥിതി തുടരുമെന്നും കോടതി അറിയിച്ചു. 2018 ഏപ്രില്‍ മുതല്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടിച്ചിട്ടിരിക്കുകയാണ്

നിലവിലെ സ്ഥിതിയില്‍ പ്ലാന്റ് തുറക്കേണ്ടതില്ല. അടച്ചിടാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കോപ്പര്‍ സ്‌മെള്‍ട്ടറാണ് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ്. അറ്റകുറ്റപ്പണികള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിനുമായി 2018 മാര്‍ച്ചില്‍ പ്ലാന്റ് അടച്ചിരുന്നു.

എന്നാല്‍ 2018 ല്‍ പ്ലാന്റിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ 13 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അതേവര്‍ഷം മെയ് 28 ന് പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

400000 ടണ്ണിലധികമായിരുന്നു പ്ലാന്റിന്റെ വാര്‍ഷികോല്‍പ്പാദനം. ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മലിനീകരണ ആരോപണം വേദാന്ത അന്ന് നിഷേധിച്ചിരുന്നു.

2019ല്‍ ചെന്നൈയിലെ ഒരു എന്‍.ജി.ഒ നടത്തിയ പരിസ്ഥിതി പഠനത്തില്‍ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചതിനുശേഷം ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more