| Wednesday, 19th June 2024, 11:33 am

സ്റ്റെർലൈറ്റ് വെടിവയ്പ്പ്; നഷ്ടപരിഹാരം നൽകിയതുകൊണ്ട് പ്രശ്നം അവസാനിക്കില്ല, മനുഷ്യാവകാശ ലംഘനത്തിന് നടപടിയെടുക്കണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തൂത്തുക്കുടിയിൽ 12 മരണങ്ങൾക്ക് കാരണമായ സ്റ്റെർലൈറ്റ് വെടിവെയ്പ്പിലെ മനുഷ്യാവകാശ ലംഘനം കണ്ടെത്തി നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇരകൾക്ക് നഷ്ടപരിഹാരം നൽകിയതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്റ്റെർലൈറ്റ് വെടിവയ്പ്പ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾസ് വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ നൽകിയ പൊതു താത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ എസ്. സുന്ദർ, എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

ഇരകൾക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള സർക്കാരിന്റെ നീക്കം അഭിനന്ദനാർഹമാണെങ്കിലും മനുഷ്യാവകാശ ലംഘനം കണ്ടെത്തി നടപടിയെടുക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു. പ്രതികളായ അന്നത്തെ തൂത്തുക്കുടി കളക്ടർ എൻ. വെങ്കിടേഷ്, മൂന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, അന്നത്തെ ഐ.ജി ശൈലേഷ് കുമാർ,17 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

ഇരകൾക്ക് നഷ്ടപരിഹാരം നൽകിയത് കൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യമെന്നും കോടതി വ്യക്തമാക്കി.

യഥാർത്ഥ കുറ്റപത്രം കോടതി ഇതിനു മുൻപ് തള്ളിയിരുന്നു. അതിനാൽ കൂടുതൽ അന്വേഷണത്തിന് ശേഷം തയാറാക്കിയ പുതിയ കുറ്റപത്രം മധുരയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചതായി സി.ബി.ഐ യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വാദം കേൾക്കുന്നത് കോടതി ജൂലായ് ഒന്നിലേക്ക് മാറ്റിവെച്ചു.

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോർപറേഷൻ നടത്തുന്ന ചെമ്പ് സ്മെൽട്ടൻ പ്ലാന്റ് വിപുലീകരിക്കുന്നതിനെതിരെ 2018 ൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്കെതിരെ വെടിവയ്പ്പ് നടത്തുകയും 13 ആളുകൾ കൊല്ലപ്പെടുകയും 102 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കൊല്ലപ്പെട്ട 12 പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു.

പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തൃപ്തി വരാത്ത കോടതി മദ്രാസ്സ് ഹൈക്കോടതിയിൽ പുനരന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Content Highlight: sterlite firing madras hc says need to look into rights violation

We use cookies to give you the best possible experience. Learn more