തൂത്തുകുടി: പൂട്ടിയിട്ടിരിക്കുന്ന സ്റ്റെര്‍ലൈറ്റ് പ്‌ളാന്റ് തുറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സി.ഇ.ഓ ആയ പി. രാംനാഥ്. ലൈവ് മിന്റ് എന്ന മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രാംനാഥ് നിലപാട് വ്യക്തമാക്കിയത്.
ഗവണ്മെന്റില്‍ നിന്നും പ്രവര്‍ത്തനാനുമതി നേടിയെടുക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം, ചില എന്‍.ജി.ഓകളുടെ ആരോപണങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് പ്രദേശവാസികള്‍ ചെയ്യുന്നത്, ഇതില്‍ സത്യമില്ല, പി. രാംനാഥ് പറയുന്നു.
പ്രവര്‍ത്തനാനുമതി തമിഴ്‌നാട് ഗവണ്മെന്റ് നിരസിച്ചതിനാല്‍, ചെന്നൈ ട്രൈബ്യൂണലില്‍ പരാതി നല്‍ കിയിരിക്കുകയാണ്. ജൂണ്‍ 6ന് ട്രൈബ്യൂണല്‍ പരാതി പരിഗണിക്കും. അതിന്റെ വിധി അനുസരിച്ചായിരിക്കും ഭാവി തീരുമാനങ്ങള്‍ എടുക്കുക. പ്‌ളാന്റ് അടച്ചുപൂട്ടാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും രാംനാഥ് പറഞ്ഞു.
നേരത്തെ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ നീക്കം നാടകമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ശ്രീദേവിയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം നാടകമാണെന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
ഉത്തരവ് നിയമപരമായി നിലനില്‍ ക്കുന്നതല്ലെന്നും,കോടതിയില്‍ പോയാല്‍ റദ്ദാക്കപ്പെടുമെന്നും ഹരീഷ് തന്റെ പോസ്റ്റിലൂടെ പറയുന്നു. അടച്ചുപൂട്ടലിന് കാരണങ്ങള്‍ ഒന്നും ഉത്തരവില്‍ കാണിച്ചിട്ടില്ലെന്നും, സെക്ഷന്‍ 18 പ്രകാരം ഒരു കമ്പനിയുടെ അടച്ചുപൂട്ടലിന് ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നുമാണ് ഹരീഷിന്റെ വാദം.